ന്യൂഡൽഹി: ഈ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിലെ പൊരുത്തക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
“ഞങ്ങൾ അത് തള്ളിക്കളയുകയാണ്… തിരഞ്ഞെടുപ്പ് നടന്നു. സർക്കാർ രൂപീകരിച്ചു. ദയവായി ഇത്തരം പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്യരുത്,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ നടന്ന വോട്ടെണ്ണൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് പ്രിയ മിശ്ര എന്നയാൾ വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജൂൺ നാലിന് പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരികയും ചെയ്തു.