ലാങ്കസ്റ്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസത്തിന്റെ എല്ലാ നദികളും വിന്‍ധം റിസോര്‍ട്ടിലെ ”പാരഡൈസ് ” ”ലാങ്കസ്റ്റര്‍” കോണ്‍ഫറന്‍സ് ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തില്‍ ലയിക്കുന്ന അനുഭവത്തിനാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത്. ആത്മീയ നിറവിലൂറി വന്ന ഭക്തിസാന്ദ്രതയുടെ നീരുറവ വിശ്വാസത്തിന്റെ നദിയില്‍ ലയിച്ച് മൂല്യങ്ങളുടെ സമുദ്രത്തിലേക്ക് ചെന്നെത്തുകയായിരുന്നു.
ആത്മബോധത്തിന്റെ സമുദ്രത്തിലേക്ക് മിഴി തുറന്ന മൂന്നാം പകല്‍ വിശ്വാസികളുടെ ആത്മവിശുദ്ധിയില്‍ ധന്യമാവുകയും ചെയ്തു. വിന്‍ധം റിസോര്‍ട്ട് സാക്ഷ്യം വഹിച്ചത് ആത്മ വിശുദ്ധീകരണത്തിന്റെ സാക്ഷാത്കാരത്തിനും വരാന്‍ പോകുന്ന തലമുറകളുടെ വിശ്വാസത്തെ.
ശീമാ നമസ്‌കാരത്തിനു ശേഷം മലയാളത്തില്‍ ഫാ. ബോബി വറുഗീസും ഇംഗ്ലീഷില്‍ കൃപയാ വര്‍ഗീസും ധ്യാനപ്രസംഗങ്ങള്‍ നടത്തി. ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തെ തുടര്‍ന്ന് ജോയിന്റ് ട്രഷറാര്‍ ഷോണ്‍ എബ്രഹാം ഈ ദിവസത്തെ അപ് ഡേറ്റുകള്‍ നല്‍കി.
മൂന്നാം ദിവസം ടെക്സസില്‍ നിന്നെത്തിയ ഫാ. ജോയല്‍ മാത്യുവിന്റേതായിരുന്നു. പല കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ലാങ്കസ്റ്ററിലെ ഈ കോണ്‍ഫറന്‍സ് മികവുകൊണ്ട് ഏറ്റവും മനോഹരമായിരിക്കുന്നു. ആത്മീയമായ പല കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുള്ള ഒരാളോട് ഈയിടെ ചോദിച്ചപ്പോഴുണ്ടായ മറുപടി സദസിലുള്ളവരെ ചിരിപ്പിച്ചുകൊണ്ടാണ് ജോയല്‍ അച്ചന്‍ പറഞ്ഞത്. ”പക്ഷെ ഒരു മാറ്റവും താങ്കളില്‍ കാണുന്നില്ലല്ലോ?”
ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം)- രണ്ടാം ദിവസത്തെ പ്രഭാഷണ പരമ്പരക്കായി ഷോണ്‍ എബ്രഹാം ക്ഷണിച്ചു. ”ദൈവിക ആരോഹണത്തിന്റെ ഗോവണി”യെ എല്ലാവര്‍ക്കും മനസിലാവുന്ന ഭാഷയില്‍ അച്ചന്‍ സവിസ്തരം സംസാരിച്ചു. മുകളിലുള്ളത്- സ്വര്‍ഗത്തിലുള്ളത്- എന്ന് പറഞ്ഞാല്‍ things in the new age (പുതിയ കാലഘട്ടത്തിലെ കാര്യങ്ങള്‍ ) എന്നാണര്‍ഥം .
ഇതിന് ഉപോല്‍ബലകമായി 2 വ്യാഖ്യാനങ്ങളാണ് സഭ നല്‍കുന്നത്. ഒന്ന് -സ്വര്‍ഗത്തെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ഏണി (അഥവാ സ്ലീബാ) രണ്ട് -അമ്മ (മാതാവ് മറിയം) നമ്മോടൊപ്പമുണ്ട്. ഇതൊരു പുതിയ ലോകമാണ്, സമയമാണ്, ക്രമമാണ്. ക്രമം എന്നാല്‍ തക്സാ (new order). ദൈവത്തെ പഠിപ്പിക്കുന്നതല്ല പ്രാര്‍ത്ഥന. 3 പള്ളികളാണ് മനുഷ്യര്‍ക്കുള്ളത്.
(1) ഈത്തോത് സഗ – സ്വര്‍ഗത്തിലെ പള്ളി
(2) ഈത്തേത് അറവേ – ഭൂമിയിലെ പള്ളി
(3)ഈത്തേത് ലേബോ – ഹൃദയത്തിലെ പള്ളി
ഗഹനമായ കാര്യങ്ങളെ കോര്‍ത്തിണക്കി, എല്ലാവരെയും ചേര്‍ത്ത് ചോദ്യങ്ങളും ചോദിച്ച് അവതരിപ്പിക്കുമ്പോള്‍ അവ ഹൃദയങ്ങളില്‍ പതിയാറുണ്ട്. അതാണ് അച്ചന്‍ ഇവിടെ ഇപ്പോള്‍ അവതരിപ്പിച്ചതും. ഉത്തമഗീതം 2:11 ഉദ്ധരിച്ച് പുനഃസ്ഥാപിക്കല്‍, പുനരുദ്ധാനം, വീണ്ടെടുപ്പ് എന്നീ ദുര്‍ഗ്രഹ കാര്യങ്ങളെ ലളിതമാക്കാനുള്ള അച്ചന്റെ ശ്രമങ്ങള്‍ വിജയിച്ചതായി സദസ്സും സാക്ഷ്യപ്പെടുത്തി.
”ഫോക്കസി”നുവേണ്ടി ഫാ. സെറാഫിം മജ് മുദാറും MGOCSM നു വേണ്ടി ഫാ. ജോയല്‍ മാത്യുവും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി അഖിലാ സണ്ണിയും ഫാ. സുജിത് തോമസും ക്ളാസുകള്‍ നയിച്ചു.
തുടര്‍ന്ന് ഗ്രൂപ്പ് ഡിസ്‌കഷനായിരുന്നു. നമസ്‌കാരങ്ങള്‍ക്ക് ശേഷം ഫോട്ടോ സെഷന്‍. റിസോര്‍ട്ടിന് പുറത്ത് എല്ലാവരും ഒത്തുകൂടി. ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളില്‍ ഡോ. ജോയിസി ജേക്കബ്, ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം), ഫാ. റ്റോബിന്‍ മാത്യു, ഫാ. സെറാഫിം മജ് മുദാര്‍, ഫാ. ജോയല്‍ മാത്യു, ഫാ. ഡോ. എബി ജോര്‍ജ്, ഫാ. അനൂപ് തോമസ്, അഖിലാ സണ്ണി, ഫാ. സുജിത് തോമസ് എന്നിവര്‍ ക്ളാസുകള്‍ എടുത്തു .
പിന്നീട് സണ്‍ഡേ സ്‌കൂള്‍ സമാപന സമ്മേളനം.
സമാപന സമ്മേളനത്തില്‍ സഖറിയാ മാര്‍ നിഖളാവോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം), ഫാ. അബു പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
80 കഴിഞ്ഞവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. മുന്‍ ഫാമിലി കോണ്‍ഫറന്‍സ് പ്രവര്‍ത്തകരായ ഫാ. സണ്ണി ജോസഫ്, ജോബി ജോണ്‍, മാത്യു ജോഷ്വ, ചെറിയാന്‍ പെരുമാള്‍ എന്നിവരെ ആദരിച്ചു.
ഫാമിലി കോണ്‍ഫറന്‍സ് കോര്‍ ടീം അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വേദിയില്‍ ഉപവിഷ്ടരായിരിക്കെ റാഫിള്‍ ടിക്കറ്റിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മൂന്നാം സമ്മാനമായ ആപ്പിള്‍ വാച്ചുകള്‍ യഥാക്രമം അലക്‌സ് പോത്തന്‍, ഡോ. ജോയിസി ജേക്കബ്, തോമസ് പുരയ്ക്കല്‍ എന്നിവര്‍ക്കും രണ്ടാം സമ്മാനമായ ഒരൗണ്‍സ് സ്വര്‍ണം യഥാക്രമം ഷോണ്‍ എബ്രഹാമിനും ബിന്ദു മാത്യുവിനും, ഒന്നാം സമ്മാനമായ പതിനായിരം ഡോളര്‍ (വെക്കേഷന്‍ പാക്കേജ്) പ്രേംസി ജോണിനും ലഭിച്ചു. റാഫിള്‍ കോര്‍ഡിനേറ്റര്‍ മാത്യു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഷിബു തരകന്‍, ഫിനാന്‍സ് മാനേജര്‍ ജോണ്‍ താമരവേലില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് സുവനീര്‍ സ്‌പോണ്‍സര്‍മാരെ ആദരിക്കുന്ന ചടങ്ങായിരുന്നു. ഡയമണ്ട് സ്‌പോണ്‍സറായി ആറ് പേരും, ഗോള്‍ഡ് സ്‌പോണ്‍സറായി 30 പേരും, ഗ്രാന്‍ഡ് സ്‌പോണ്‍സറായി 26 പേരും മുന്നോട്ട് വന്നിരുന്നു. എല്ലാവര്‍ക്കും മൊണാസ്റ്ററി ഐക്കോണുകള്‍ നല്‍കി.
ട്രഷറാര്‍ മാത്യു ജോഷ്വ എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. ജാസ്മിന്‍ ജോര്‍ജ്, ഐറിന്‍ ജോര്‍ജ്, ഷോണ്‍ എബ്രഹാം എന്നിവരായിരുന്നു എം. സിമാര്‍.
ഗായകസംഘത്തിന്റെ പാട്ടുകള്‍ക്ക് ശേഷം നമസ്‌കാര റിട്രീറ്റും, കുമ്പസാരവും നടന്നു. ശുശ്രൂഷകര്‍ക്കുള്ള പഠനകളരി വൈകുന്നേരം 8 മണിക്ക് ഫാ. ടോബിന്‍ മാത്യു, ഫാ. അനൂപ് തോമസ് എന്നിവരുടെ നേതൃത്വത്തിലും നടന്നു.
മൂന്നാം ദിവസം ആത്മീയ പ്രഭാഷണങ്ങളാലും, യാമ പ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്‌നമായ അന്തരീക്ഷത്തിലും മുഖരിതമായിരുന്നു. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും, ചര്‍ച്ചാ ക്ളാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച്ച സമ്പന്നവും സജീവവുമായിരുന്നു.