പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിൻ്റെ റാലിക്ക് നേരെ വെടിവെയ്പ്

ബട്ട്ലർ (പെൻസിൽവാനിയ): പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന ഒരു റിപ്പബ്ലിക്കന്‍ റാലിയിൽ മു യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് സംസാരിക്കുന്നതിനിടെ ഒന്നിലധികം തവണ വെടിവെപ്പ് നടന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വേദിയില്‍ നിന്ന് സീക്രട്ട് സര്‍‌വ്വീസ് ഉദ്യോഗസ്ഥരും അംഗരക്ഷകരും ചേര്‍ന്ന് മാറ്റി.

ട്രംപിൻ്റെ മുഖത്തും ചെവിയിലും രക്തം പുരണ്ട ചിത്രങ്ങൾ വിവിധ ചാനലുകളുടെ സായാഹ്ന വാര്‍ത്തകളില്‍ സം‌പ്രേക്ഷണം ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അകമ്പടിയോടെ വാഹനത്തിലേക്ക് കൊണ്ടുപോകുമ്പോൾ ട്രംപ് മുഷ്ടി ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങളും കാണിച്ചു.

അദ്ദേഹം “സുഖമായിരിക്കുന്നു” എന്ന് അദ്ദേഹത്തിൻ്റെ പ്രചാരണത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.

“ഈ ഹീനമായ പ്രവൃത്തിയ്ക്കിടെ പെട്ടെന്നുള്ള നടപടിക്ക് പോലീസിനോടും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോടും ആദ്യം പ്രതികരിച്ചവരോടും നന്ദി പറയുന്നു,” പ്രചാരണ വക്താവ് സ്റ്റീവൻ ച്യൂങ് പ്രസ്താവനയിൽ പറഞ്ഞു.

“അദ്ദേഹം സുഖമായിരിക്കുന്നു, ഇപ്പോള്‍ ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ പരിശോധനക്ക് വിധേയനാകുകയാണ്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും,” പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച്ച മിൽവാക്കിയിൽ ആരംഭിക്കുന്ന റിപ്പബ്ലിക്കന്‍ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ റിപ്പബ്ലിക്കൻസിൻ്റെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ട്രംപിനെ അംഗീകരിക്കുന്നതിന്റെ മുന്നോടിയായാണ് പെന്‍സില്‍‌വാനിയയിലെ റാലി.

ട്രംപ് പ്രസംഗിക്കുന്നതിനിടെ വലത്തെ ചെവിയില്‍ കൈ അമര്‍ത്തി പെട്ടെന്ന് നിലത്തെക്ക് ചരിയുന്നതായി വീഡിയോയില്‍ കാണിക്കുന്നു. സായുധരായ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പെട്ടെന്ന് വളയുകയും തുടർന്ന് അദ്ദേഹത്തെ താങ്ങിപ്പിടിച്ച് സ്റ്റേജിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹത്തിന്റെ വലതു ചെവിയിൽ നിന്ന് രക്തം വരുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്.

“നമ്മുടെ പ്രസിഡൻ്റ് ട്രംപിനും ആ റാലിയിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിൽ എല്ലാവരും എന്നോടൊപ്പം ചേരുക. എല്ലാവർക്കും സുഖമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഒഹായോയിലെ റിപ്പബ്ലിക്കൻ സെനറ്റർ ജെഡി വാൻസ്, X-ലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News