നിവേദനം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

പുഞ്ചിരി ചുണ്ടോടു ചേർന്നു നിൽക്കുന്ന പോൽ
പൂമണം പൂവോടു ചേർന്നിടും പോൽ,
വാക്കോടതിന്നർത്ഥം ചേർന്നു രമിക്കും പോല്‍,
നാക്കോടു ചേർന്നീടുമക്ഷരം പോൽ,

ശൈശവം പൈതലെ പുൽകി നിൽക്കുന്ന പോൽ
ശൈലവും മാനവും ചേർന്നിടും പോൽ,
അലമാലയാഴിയോ ടൊട്ടി നിൽക്കുന്ന പോൽ
അല്ലികൾ അലരൊത്തു നിന്നിടും പോൽ,

മധുരം മധുവോടു ചേർന്നു നിൽക്കുന്ന പോൽ
മതിയോടു പൂനിലാവെന്നതു പോൽ,
ഹരിതാഭ ചേലിൽ വസന്തത്തോടെന്ന പോൽ
കരിമുകിൽ മാനത്തോടെന്നതു പോൽ,

ശൈത്യം ശിശിരത്തോടെന്നതു പോൽ, ഓമൽ
ശൈശവം പൈതലോടെന്നതു പോൽ,
ശൈലമാകാശത്തെ തൊട്ടുനിൽക്കുന്ന പോൽ,
ശൈലിയിൽ ലക്ഷ്യാർത്ഥമെന്നതു പോൽ,

നൃത്തം മയിലോടു ചേർന്നു നില്‍ക്കുന്ന പോൽ
വൃത്തം കവിതയോടെന്നതു പോൽ,
കൂജനം കോകിലകണ്ഠത്തോടെന്ന പോൽ
കൂരിരുൾ രാവിനോടെന്നതു പോൽ,

സാദരം ഞാനുമെൻ ജീവനാം കൃഷ്ണാ! നിൻ
പാദപദ്മങ്ങളിൽ ചേർന്നു നിൽപ്പു!
ജന്മം നീയെത്ര തന്നാലും അടിയനാ
ജന്മം നരജന്മമാകേണമേ!

Print Friendly, PDF & Email

Leave a Comment

More News