പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിന് വെടിയേറ്റ സംഭവം; അക്രമിയെ സീക്രട്ട് സര്‍‌വ്വീസ് വെടിവെച്ച് കൊന്നു

പെന്‍സില്‍‌വാനിയ: പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ വച്ച് വെടിവെച്ചയാളെന്ന് സംശയിക്കുന്നയാളെ യുഎസ് രഹസ്യാന്വേഷണ വിഭാഗം വെടിവെച്ചുകൊന്നതായി പോലീസ് പറഞ്ഞു.

ട്രംപ് സുഖമായിരിക്കുന്നുവെന്നും ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ പരിശോധനയ്ക്ക് വിധേയനായെന്നും ട്രം‌പിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹത്തിന് നേരെ വെടിയുതിർക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വലതുകൈ കഴുത്തിന് നേരെ നീട്ടിയ ട്രംപിൻ്റെ മുഖത്തും ചെവിയിലും രക്തം കാണപ്പെട്ടു. ട്രംപ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ നിരവധി വെടിയൊച്ചകൾ കേട്ടതായി ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉടൻ തന്നെ അദ്ദേഹത്തെ പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അകമ്പടിയോടെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ജനക്കൂട്ടത്തെ നോക്കി ട്രം‌പ് വായുവിൽ മുഷ്ടി ചുരുട്ടുന്നത് ടെലിവിഷന്‍ ചാനലുകള്‍ കാണിച്ചു.

2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ശനിയാഴ്‌ച (പ്രാദേശിക സമയം) പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ സംഘടിപ്പിച്ച റാലിയില്‍ സംവദിക്കുകയായിരുന്നു ട്രംപ്. ഇതിനിടെ ഗാലറിയില്‍ നിന്ന് വെടി ഉതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ട്രംപിനെ രഹസ്യാന്വേഷണ വിഭാഗം വേദിയില്‍ നിന്ന് മാറ്റി. പുറത്തുവരുന്ന ദൃശ്യങ്ങളില്‍ ട്രംപിന്‍റെ ചെവിയില്‍ നിന്ന് രക്തം വരുന്നതായി കാണാം. എന്നാല്‍ ട്രംപിന് പരിക്കുണ്ടോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം നടന്നയുടനെ സീക്രട്ട് സർവീസ് സംരക്ഷണ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്, മുൻ പ്രസിഡൻ്റ് സുരക്ഷിതനാണ്. ഇത് ഇപ്പോൾ സജീവമായ രഹസ്യാന്വേഷണ അന്വേഷണമാണ്, കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ പുറത്തുവിടുമെന്ന് സീക്രട്ട് സർവീസ് വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറഞ്ഞു.

വെടിവെച്ചയാൾ മരിച്ചതായും അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ പിറ്റ്സ്ബർഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും അപലപിച്ചു.

തൻ്റെ റിപ്പബ്ലിക്കൻ എതിരാളിയും മുൻഗാമിയുമായ ഡൊണാൾഡ് ട്രംപിനെതിരായ ജീവന് ഭീഷണിയായ ആക്രമണത്തെ ബൈഡൻ അപലപിക്കുകയും അമേരിക്കയിൽ ഇത്തരത്തിലുള്ള അക്രമത്തിന് സ്ഥാനമില്ലെന്നും പറഞ്ഞു. അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചതിന് ഞാനും ജില്ലും സീക്രട്ട് സര്‍‌വീസ് ഉദ്യോഗസ്ഥരോട് നന്ദിയുള്ളവരാണ്. അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ല. അതിനെ അപലപിക്കാൻ നമ്മൾ ഒരു രാഷ്ട്രമായി ഒന്നിക്കണം, അദ്ദേഹം പറഞ്ഞു.

“പെൻസിൽവാനിയയിൽ നടന്ന ട്രംപ് റാലിയിൽ സംഭവിച്ചതിൽ ഞാൻ വളരെ ദുഃഖിതനാണ്. മുൻ പ്രസിഡൻ്റ് ട്രംപ് സുരക്ഷിതനാണെന്ന് വിശ്വസിക്കുന്നു. രാഷ്ട്രീയ അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല,” സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ പറഞ്ഞു.

ഇത് സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ഓരോ അമേരിക്കക്കാരനെയും ഭയപ്പെടുത്തും. പ്രസിഡൻ്റ് സ്ഥാനാർത്ഥികൾക്കെതിരായ അക്രമം ഒരിക്കലും സാധാരണ സംഭവമാക്കാന്‍ പാടില്ല. ഞങ്ങൾ ഡൊണാൾഡ് ട്രംപിനെയും മുഴുവൻ ട്രംപ് കുടുംബത്തെയും ഒപ്പം റാലിയില്‍ പങ്കെടുത്ത എല്ലാവരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമെന്ന് മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി പറഞ്ഞു.

സംഭവം നടന്നതിന് തൊട്ടുപിന്നാലെ, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്രംപിന് അനുകൂലമായി എക്‌സില്‍ പോസ്റ്റ് ചെയ്‌തു. ‘ഞാൻ പ്രസിഡൻ്റ് ട്രംപിനെ പൂർണമായി അംഗീകരിക്കുന്നു, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -എന്നാണ് മസ്‌ക് എഴുതിയത്. സംഭവത്തിൻ്റെ ഒരു വീഡിയോയും അദ്ദേഹം എക്‌സില്‍ പങ്കിട്ടു.

അതേസമയം, ട്രംപിന്‍റെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മെറ്റ പിൻവലിച്ചിരുന്നു. തിങ്കളാഴ്ച റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി.

Print Friendly, PDF & Email

Leave a Comment

More News