സാന്‍ ഫെണാന്‍ഡോ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്ന് കൊളംബോയിലേക്ക് തിരിക്കും. തിങ്കളാഴ്ചയോടെ ഫീഡര്‍ വെസലുകള്‍ വിഴിഞ്ഞത്തെത്തുമെന്ന് അദാനി പോര്‍ട്‌സ് അധികൃതര്‍ അറിയിച്ചു.

സാന്‍ ഫെര്‍ണാന്‍ഡോയില്‍ നിന്ന് 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇന്ന് രാവിലെയോടെയാണ് കപ്പല്‍ കൊളംബോയിലേക്ക് തിരിക്കുക എന്നാണ് അറിയിപ്പ്. വെള്ളിയാഴ്‌ച്ച വൈകിട്ടോടെ യാത്രതിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു. ട്രയല്‍ റണ്‍ ആയതിനാല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ആവശ്യമാണ്. ഇതാണ് കണ്ടെയ്‌നറുകള്‍ ഇറക്കുന്നത് വൈകാന്‍ കാരണം.

അതേസമയം കപ്പൽ മടങ്ങുന്നതനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തും. മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെയുള്ള കപ്പലുകളാണ് എത്തുക. മെഡിറ്ററെനിയൻ ഷിപ്പിങ് കമ്പനിയുടെ 400മീറ്റർ നീളമുള്ള കപ്പലും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്‌ച്ചയാണ് ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്‌ച്ച രാവിലെയെത്തിയ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രിയും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി. ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News