തിരുവനന്തപുരം: റെയിൽവേയുടെ മാലിന്യ നിർമാർജന സംവിധാനത്തിൻ്റെ തെളിവ് കാണിക്കാൻ തയ്യാറുണ്ടോയെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചോദിച്ചു. റെയിൽവേയിൽ മാലിന്യമില്ലെന്നും ആമയിഴഞ്ചാന്‍ കനാലിൻ്റെ റെയിൽവേ വശത്തെ മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം കോർപറേഷനാണെന്നും ദക്ഷിണ റെയിൽവേ എഡിആർഎം അറിയിച്ചതോടെയാണ് പ്രതികരണവുമായി മേയർ രംഗത്തെത്തിയത്.
റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള മാലിന്യമൊന്നും ഇതിൽ പെട്ടിട്ടില്ല. റെയില്‍വേയുടെ എല്ലാ മാലിന്യവും മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കിയിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി കൂട്ടിച്ചേർത്തു.
എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. നാളെ പുതിയ സംഘം തിരച്ചിൽ നടത്തും. മാലിന്യം നീങ്ങാത്തതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ദൗത്യം താല്‍കാലികമായി നിര്‍ത്തിവെച്ചത്. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി മാരായമുട്ടം സ്വദേശി ജോയിയെ കാണാതായിരുന്നു. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത് എന്ന് ഫയർഫോഴ്സ് അറിയിച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ 117 മീറ്റർ നീളമുള്ള ടണലിലും മാൻഹോളിലും പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ടണലിൽ മാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് ഒരാൾ പൊക്കത്തിലാണ്.
വെള്ളം കെട്ടിനിർത്തി ശക്തിയായി ഒഴുക്കി നടത്തിയ ഫ്‌ളഷിങ് പ്രിക്രിയയും ഫലം കണ്ടില്ല. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിലിലും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിർത്തിയിരുന്നു. പ്ലാറ്റ്ഫോം 4നു സമീപത്തെ മാൻഹോളിൽ രക്ഷാദൗത്യ സംഘം പരിശോധന നടത്തിയിരുന്നു.
അതേസമയം തെരച്ചിലിനായി കൊച്ചിയിൽ നിന്നുള്ള നേവി സംഘം ഉടൻ എത്തും. ഒമ്പത് മണിയോടെ സംഘം എത്തുമെന്നാണ് റിപ്പോർട്ട്. രാത്രിയിലും ദൗത്യം തുടർന്നേക്കും. നാവികസേന എത്തിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഫയർഫോഴ്‌സിൻ്റെ സ്കൂബാ ഡൈവിംഗ് സംഘം ഇന്ന് ഇറങ്ങി പരിശോധന നടത്തി. തിരച്ചിൽ സംഘത്തിലെ അംഗങ്ങളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. സംഘാംഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അഗ്നിശമനസേനാ മേധാവി അറിയിച്ചു.