മുംബൈ: ഭാര്യ അറിയാതെ പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്ന ഭർത്താക്കന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം ആഘോഷിക്കാനുള്ള ആ യാത്ര പതിവായാലോ? അത്തരക്കാർ ഒരുനാൾ പിടിക്കപ്പെടുമെന്ന് ബോധമുണ്ടാകണം. അത്തരത്തിലൊരു അറസ്റ്റിൻ്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ പിടികൂടിയത് ഭാര്യയല്ല, ഉദ്യോഗസ്ഥരാണ്.
മുംബൈ സതാര സ്വദേശിയായ തുഷാർ പവാറിനാണ് പണി കിട്ടിയത്. ഇയാൾ 2023ലും ഈ വർഷവും ഭാര്യയോട് പറയാതെ കൂട്ടുകാർക്കൊപ്പം പലതവണ തായ്ലൻഡ് സന്ദർശിച്ചിരുന്നു. തലസ്ഥാനമായ ബാങ്കോക്കാണ് തുഷാർ പവാറിന്റെ പ്രധാന സന്ദർശനയിടം. എന്നാൽ, ആ പോക്കിനൊരു പ്രത്യേകതയുണ്ടായിരുന്നു- യാത്ര പോയ വിവരം ഭാര്യ അറിയാതിരിക്കാൻ ഇയാൾ പാസ്പോർട്ടിൽ ചില പണികൾ കാട്ടി. അതൊടുവിൽ എട്ടിന്റെ പണിയാവുകയും ചെയ്തു.
യാത്രയെ കുറിച്ച് ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിന്റെ ചില പേജുകൾ കീറിക്കളഞ്ഞ് അവിടെ ബ്ലാങ്ക് പേപ്പറുകൾ വച്ചായിരുന്നു ഇയാൾ യാത്ര ചെയ്തത്. എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കി കഴിഞ്ഞദിവസം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വലയിലായിരിക്കുകയാണ് തുഷാർ. എയർ ഇന്ത്യ എഐ-330 നമ്പർ വിമാനത്തിൽ വെള്ളിയാഴ്ച വീണ്ടും ബാങ്കോക്ക് സന്ദർശിക്കാൻ പോവുമ്പോഴായിരുന്നു 33കാരനായ തുഷാർ പിടിയിലാവുന്നത്.
മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെ പതിവ് പരിശോധനയ്‌ക്കിടെ ഇമിഗ്രേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥയായ ആസ്ത മിത്തലിന് ഇയാളുടെ രേഖകളിൽ ചില വശപിശകുകൾ തോന്നുകയായിരുന്നു. വിശദമായി പരിശോധിച്ചപ്പോൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ഒട്ടിച്ച 12 സുപ്രധാന പേജുകൾ മാറ്റി പകരം ഒന്നുമെഴുതാത്ത പേപ്പറുകൾ വച്ചിരിക്കുന്നതാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെ വഞ്ചനാക്കുറ്റം ചുമത്തി തുഷാറിനെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.