തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ കളക്ടർമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കലക്ടർമാരെയാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ പിന്നോക്ക ക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടർ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ.
കോട്ടയം കളക്ടര്‍ വി വിഘ്‌നേശ്വരിയെ ഇടുക്കിയിലേക്കും, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു. ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതലയും ഇവര്‍ക്ക് നല്‍കും. ജോണ്‍ വി സാമുവലാണ് കോട്ടയത്തെ പുതിയ കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.
ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിലും കളക്ടറും മേയറും ഉൾപ്പടെ പരാജയപ്പെട്ടിരുന്നതായി വിമർശനം ഉയർന്നിരുന്നു. 46 മണിക്കൂറിന് ശേഷമാണ് മരിച്ച ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മാലിന്യം നീക്കം കൃത്യസമയത്ത് നടത്തുന്നതിൽ ഭരണകൂടം വീഴ്ച വരുത്തിയതായി പ്രതിപക്ഷ നേതാവ് ഇന്നലെ ആരോപിച്ചിരുന്നു.
മാലിന്യനീക്കത്തിൽ റെയിൽവേയെ പഴിചാരുമ്പോഴും പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിയിലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ആമയിഴഞ്ചാൻ തോട്ടിലെ തിരച്ചിലിനായി നാവികസേനയുടെ സേവനം തേടിയതും ഏറെ വൈകിയാണ്. ഇതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ സർക്കാർ ഡോക്ടർമാരെ വീട്ടിൽ വിളിച്ച് വരുത്തി ചികിത്സ തേടിയ സംഭവത്തിലും ജെറോമിക് ജോർജ് വിമർശനങ്ങൾ നേരിട്ടിരുന്നു.