മലപ്പുറം: മലബാറിലേക്ക് 138 താൽക്കാലിക അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഗവൺമെൻറ് തയ്യാറാവണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പുതുതായി ബാച്ചുകൾ അനുവദിച്ച മിക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകളിലും ക്ലാസ് റൂം അടക്കം അടിസ്ഥാന സൗകര്യത്തിന്റെ പരിമിതികളാൽ ബുദ്ധിമുട്ടുന്നവയാണ്.ഇത് ഉടൻ പരിഹരിക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ വലിയ ഭാരമാണ് ഹയർ സെക്കൻഡറി അധ്യാപകർ വഹിക്കേണ്ടി വരുന്നത്. ക്ലർക്കിനെയും പ്യൂണിനെയും അനുവദിക്കുക എന്നത് വളരെ കാലമായുള്ള ആവശ്യമാണ്. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലെ അധ്യാപക നിയമനം വേഗത്തിൽ ആക്കുകയും സ്ഥിരം ബാച്ചുകൾ അനുവദിച്ച് ഭാവിയിൽ പ്ലസ് വൺ അഡ്മിഷൻ സുഗമമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് ഭാഷ വിഷയമാക്കിക്കൊണ്ടുള്ള ഉത്തരവിലൂടെ ഇംഗ്ലീഷ് അദ്ധ്യാപകരെ പുറത്താക്കുന്ന അശാസ്ത്രീയ നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റജീന, സംസ്ഥാന സെക്രട്ടറി ഹബീബ് മാലിക്, നഷീദ, എ. ജുനൈദ്, ഉസ്മാൻ മാമ്പ്ര, വഹാബ് താനൂർ, നാസർ മങ്കട എന്നിവർ സംസാരിച്ചു.