ട്രം‌പ് അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; സെനറ്റർ ജെഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു

മില്‍‌വാക്കി: യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 15) മില്‍‌വാക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍‌വന്‍ഷനിലായിരുന്നു പ്രഖ്യാപനം.

സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ.

ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്ന വാൻസ് യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റായിരുന്നു. ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പിലൂടെ ദേശീയശ്രദ്ധ നേടി.

അതേസമയം, വിവിധ വിഷയങ്ങളിലെ നിലപാടുകളിൽ ഡോണൾഡ് ട്രംപിന്റെ തനി പകർപ്പാണ് ജെ.ഡി. വാൻസ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നെവാഡയിലേക്കു പോകും മുൻപ് ആൻഡ്രൂസ് വ്യോമസേന കേന്ദ്രത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപിനെതിരായ രഹസ്യ രേഖ കേസ് തള്ളി യുഎസ് കോടതി

ട്രംപിനെതിരെയുള്ള കേസ് തള്ളി യുഎസ് ജില്ലാ ജഡ്‌ജി. രഹസ്യ രേഖകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസാണ്‌ ഫ്ലോറിഡയിലെ യുഎസ് ജില്ലാ ജഡ്‌ജി തള്ളിയത്‌. സർക്കാർ കേസിന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് ഭരണഘടന വിരുദ്ധമാണെന്ന്‌ ജഡ്‌ജി ചൂണ്ടികാട്ടി.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറായ ജാക്ക് സ്‌മിത്തിനെ പ്രസിഡന്‍റ്‌ നിയമിക്കാത്തതിനാലും സെനറ്റ് അദ്ദേഹത്തെ അംഗീകരിക്കാത്ത സാഹചര്യത്തിലും നിയമനം ഭരണഘടനാ ലംഘനമാണെന്ന് പറയാനാവില്ലെന്ന് ട്രംപ് നിയമിച്ച ജഡ്‌ജി എയ്‌ലിൻ കാനൻ വാദിച്ചു. ഫ്‌ളോറിഡയിൽ മുൻ പ്രസിഡന്‍റിന്‍റെ മാർ-എ-ലാഗോ എസ്‌റ്റേറ്റിൽ രഹസ്യ രേഖകൾ കൈവശം വെച്ചതിനാണ്‌ ട്രംപിനെതിരെ കുറ്റം ചുമത്തിയത്‌. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നാണ് റിപ്പോര്‍ട്ട്.

Print Friendly, PDF & Email

Leave a Comment

More News