ഗ്രിഗോറിയൻ കലണ്ടറിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വരുന്ന ‘കർക്കിടകം’ എന്ന മലയാളം കലണ്ടർ മാസവുമായി പൊരുത്തപ്പെടുന്നതാണ് രാമായണ മാസത്തിൻ്റെ കേരളത്തിലെ പ്രധാന ആചരണം. ഈ കാലഘട്ടത്തെ ‘കർക്കിടക മാസം’ എന്നും വിളിക്കുന്നു.
2024-ൽ, കർക്കിടകത്തിൻ്റെ ആരംഭത്തോട് അനുബന്ധിച്ച് ഇന്ന് (ജൂലൈ 16 ചൊവ്വാഴ്ച) രാമായണമാസം ആരംഭിച്ച് ഓഗസ്റ്റ് 16 ഞായറാഴ്ച സമാപിക്കും. ഈ മാസം മുഴുവൻ, ഹിന്ദു കുടുംബങ്ങളും സംഘടനകളും രാമായണം (രാമായണപാരായണം) ദിവസവും വായിക്കുന്ന പവിത്രമായ ആചാരത്തിൽ ഏർപ്പെടുന്നു. .ഹിന്ദു ഇതിഹാസമായ രാമായണത്തിന് അഗാധമായ മതപരമായ പ്രാധാന്യമുള്ളതിനാൽ, ഈ പാരമ്പര്യം ഹിന്ദു വീടുകളിലും വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലും വ്യാപകമാണ്.
രാമായണ പാരായണത്തിന്റെ സുകൃതം നിറയുന്ന കര്‍ക്കടകമാസം ഭക്തമനസ്സുകള്‍ക്ക് ആത്മസമര്‍പ്പണത്തിന്റ പുണ്യകാലമാണ്. മനസ്സും ശരീരവും ശുദ്ധമാക്കി ഭഗവത്നാമ സങ്കീര്‍ത്തനത്തിലൂടെ ഭക്തിസാഗരത്തില്‍ ആറാടി നിര്‍വൃതിയടയുന്ന ദിനങ്ങള്‍.
കര്‍ക്കടകത്തെ പഞ്ഞ കര്‍ക്കടകം എന്നാണല്ലോ പറയാറ്. തോരാതെ പെയ്യുന്ന മഴ. കൃഷി ചെയ്യാനോ പണിതേടി പുറത്തുപോകാനോ അഷ്ടിക്കുവക കണ്ടെത്താനോ കഴിയാത്ത വറുതിയുടെ ദിനങ്ങള്‍. പട്ടിണിയും രോഗങ്ങളുമായി എങ്ങും ദുരിതം. ഈ കഷ്ടകാലത്ത് ഈശ്വരഭജനത്തിലൂടെ സങ്കടനിവൃത്തി വരുത്തി ഐശ്വര്യത്തോടൊപ്പം മോക്ഷപ്രാപ്തിയും കൈവരിക്കാം. സകല വേദോപനിഷത്തുകള്‍ക്കും പുരാണങ്ങള്‍ക്കും പകരം വെയ്‌ക്കാവുന്ന രാമായണപാരായണം ഈശ്വരസാക്ഷാത്ക്കാരത്തിന് ഏറ്റവും ശ്രേഷ്ഠമെന്ന് കരുതിവരുന്നു.
പൗരാണിക കാലം മുതല്‍ ഹിന്ദുക്കള്‍ രാമായണപാരായണത്തിന് അതീവ പ്രാധാന്യവും വൈശിഷ്ട്യവും കല്‍പ്പിച്ചു പോരുന്നു. ബാലകാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ദാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ 7 കാണ്ഡങ്ങളിലായി 24,000 ശ്ളോകങ്ങളാണ് വാല്മീകി രാമായണത്തിലുള്ളത്. ഈ ശ്ലോകങ്ങളിൽ ഗായത്രീമന്ത്രം തുടര്‍ച്ചയായി വിന്യസിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പണ്ഢിതമതം. സര്‍വ്വമന്ത്രങ്ങളുടെയും മൂലമന്ത്രമായ ഗായത്രീമന്ത്രം സര്‍വ്വ ദോഷങ്ങള്‍ക്കും നിവാരണമാണ്. അതുകൊണ്ടുതന്നെ രാമായണപാരായണം പല ദോഷപരിഹാരങ്ങള്‍ക്കും അത്യുത്തമമായി കരുതിവരുന്നു.
7 കാണ്ഡങ്ങളില്‍ സുന്ദരകാണ്ഡമാണ് ഏറ്റവും വിശിഷ്ടമായി കരുതിവരുന്നത്. പാരായണ മാഹാത്മ്യം ഏറ്റവും കൂടുതലുള്ളതും സുന്ദരകാണ്ഡത്തില്‍തന്നെ. ഹനുമാന്‍ ലങ്കയിലെത്തി സീതാദേവിയെ കാണുന്നതും ശ്രീരാമചന്ദ്രന്‍ നല്‍കിയ അംഗുലീയം നല്‍കുന്നതും, സീതാദേവി അടയാളമായി തിരിച്ച് ചൂടാമണി നല്‍കുന്നതും തുടര്‍ന്നുള്ള ലങ്കാദഹനവുമൊക്കെയാണ് സുന്ദരകാണ്ഡത്തിലെ വര്‍ണ്ണനകള്‍.
നിഷ്ഠയോടെ വേണം രാമായണ പാരായണം ചെയ്യാന്‍. ഏഴരവെളുപ്പിന് എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി ദീപം തെളിയിച്ച് നിലവിളക്കിനുമുന്നില്‍ കിഴക്കോട്ടു തിരിഞ്ഞ് ഇരിക്കണം. സൂര്യനഭിമുഖമായി ഇരിക്കണമെന്നുതുകൊണ്ട് വൈകുന്നേരം പടിഞ്ഞാറോട്ടു തിരിഞ്ഞാണ് ഇരിക്കേണ്ടത്.
നിറഞ്ഞ ഭക്തിയോടെ വേണം ഓരോരോ കാണ്ഡങ്ങള്‍ വായിക്കാന്‍. രാവിലെയും വൈകുന്നേരവും പാരായണം ചെയ്യേണ്ടതാണ്. രാമായണം പാരായണം ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളെല്ലാവരും “രാമ രാമ’ മന്ത്രം ജപിച്ച് അടുത്തിരിക്കുന്നത് കുടുംബത്തിനാകെ ശ്രേയസ്സും ഐശ്വര്യവും പ്രദാനം ചെയ്യും.രാമായണ പാരായണം പല വിധത്തില്‍ ചെയ്യാവുന്നതാണ്.
കര്‍ക്കടകമാസം 30 ദിവസം കൊണ്ട് ഒരു തവണ പാരായണം പൂര്‍ത്തിയാക്കാം. 68 ദിവസം കൊണ്ട് മൂന്നോ, അഞ്ചോ, ഏഴോ, പതിനൊന്നോ തവണ പാരായണം ചെയ്യാം.ഒന്നാം ദിവസം 1 മുതല്‍ 38 വരെ സര്‍ഗങ്ങള്‍, രണ്ടാം ദിവസം 39 മുതല്‍ 68 വരെ സര്‍ഗങ്ങള്‍ ഇങ്ങനെ 64 ദിവസം കൊണ്ട് 32 തവണ പാരായണം ചെയ്യാം. സമാപന ദിവസം യുദ്ധകാണ്ഡം 131~ാം സര്‍ഗം ശ്രീരാമപട്ടാഭിഷേകം കൂടി വായിക്കണം.
സര്‍വ്വരോഗ നിവൃത്തി, ആയുസ്സ്, പുത്രമിത്രാദി വിരോധനാശം, ശത്രുജയം, സന്താനലാഭം, സര്‍വ്വാര്‍ത്ഥസിദ്ധി എന്നീ ഫലങ്ങള്‍ ഈ പാരായണം കൊണ്ട് സിദ്ധിക്കുന്നു. കര്‍ക്കിടകമാസത്തില്‍ തുടങ്ങി ചിങ്ങമാസത്തിലേക്കും നീളുന്ന ഈ പാരായണം വീടുകളിലും ചെയ്യാവുന്നതാണ്. ഒന്നാം ദിവസം 15 വരെ സര്‍ഗങ്ങള്‍, രണ്ടാം ദിവസം 16 മുതല്‍ 41 വരെ സര്‍ഗങ്ങള്‍, മൂന്നാം ദിവസം 42 മുതല്‍ 68 വരെ സര്‍ഗങ്ങള്‍, എന്നീങ്ങനെ 72 ദിവസം കൊണ്ട് 24 തവണ പാരായണം ചെയ്യണം. പൂര്‍ണ്ണതയോടെയുള്ള ഈ പാരായണം ഉത്തമമായി കരുതുന്നു. ശ്രീരാമ ക്ഷേത്രങ്ങളില്‍ ഇങ്ങനെ പാരായണം ചെയ്തുവരുന്നുണ്ട്.
അക്ഷരാഭ്യാസമില്ലാത്ത ഒരു വേടന്‍ ആയിരുന്ന വാല്മീകി “ആ മരം ഈ മരം’ എന്നു പറഞ്ഞ് അലഞ്ഞുനടന്നപ്പോള്‍, ആ വാക്കുകള്‍ ലോപിച്ച് “രാമ രാമ’ എന്ന ജപമാവുകയും അതദ്ദേഹത്തിന്റെ സകല പാപങ്ങള്‍ക്കും പരിഹാരമാവുകയും ചെയ്തു. “രാമ രാമ’ എന്ന മന്ത്രാക്ഷരിയില്‍ നിന്നാണല്ലോ രാമ കഥ ജനിക്കുന്നത്. രാമ കഥ വിവരിക്കുന്ന രാമായണത്തിലെ ഓരോ കാണ്ഡത്തിനും അതിന്റേതായ അര്‍ത്ഥ സമ്പുഷ്ടിയുണ്ട്. വ്യാപ്തിയും ഗുണങ്ങളുമുണ്ട്. ഭക്തിയോടെയുള്ള രാമായണപാരായണം നമ്മെ വിഷ്ണുപാദത്തില്‍ എത്തിക്കും.