തിരുവനന്തപുരം: ആമയിഴഞ്ചാന്‍ കനാലില്‍ ശുചീകരണത്തൊഴിലാളി മരിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി. കനാലിൽ റെയിൽവേ മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ റെയിൽവേ പരിസരത്ത് വേലി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ ജോലിക്കിടെ തൊഴിലാളി മരിച്ച സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ തിരുവനന്തപുരം മേയറും ഇടതുമുന്നണിയും ശ്രമിക്കുന്നതിനിടെയാണ് വസ്തുതകൾ വ്യക്തമാക്കി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്.
മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, കനാലിന് ഇരുവശവും ഫെൻസിംഗ് വേണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ഖര മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കേന്ദ്രം വേണമെന്നും റെയിൽവേ പറയുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ ടണലിലേക്ക് മാലിന്യം കയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.
അതേസമയം വേണ്ട സജ്ജീകരണങ്ങൾ ഇല്ലാതെ ശുചീകരണ തൊഴിലാളിയെ മാലിന്യം നീക്കം ചെയ്യാൻ വിട്ട അധികൃതർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കണമെന്ന വാദവും ഉയർന്നു വരുന്നുണ്ട്.
അതിനിടെ, പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. കനാലിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
കൂടിക്കാഴ്ച ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11.30-ന് ഓൺലൈനായി നടക്കും. തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം-റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാർ, ബന്ധപ്പെട്ട എംഎൽഎമാർ, തിരുവനന്തപുരം മേയർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറിയും റെയിൽവേ ഡിവിഷണൽ മാനേജരും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ആമഴയിഴഞ്ചാന്‍ കനാലില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയായ ജോയിയെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം ഇന്നലെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടൊപ്പമുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുന്നത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് സ്‌കൂബാ ഡൈവിംഗ് സംഘമടക്കം ഇറങ്ങി തെരച്ചില്‍ നടത്തിയത്. എന്നാല്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവില്‍ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.