എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഇന്നലെ പെയ്ത മഴയിൽ ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങി.
ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിലും ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി.
കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടവുമുണ്ടായത്. മഴക്കെടുതി ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകൂടം വേണ്ട മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.