കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായി രാജീവ്‌ ജോസഫിനെ തിരഞ്ഞെടുത്തു

കണ്ണൂർ: കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ ഗ്ലോബൽ ചെയർമാനായി, കണ്ണൂർ – തിരൂർ സ്വദേശിയായ രാജീവ്‌ ജോസഫിനെ തിരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന പ്രവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ്, ഓൺലൈൻ വോട്ടെടുപ്പിലൂടെ ഐക്യഖണ്ഡേന രാജീവ്‌ ജോസഫിനെ തിരഞ്ഞെടുത്തത്.

കണ്ണൂർ എയർപോർട്ടിൽ വിദേശ രാജ്യങ്ങളുടെ വിമാനങ്ങളും പറന്നിറങ്ങാനുള്ള അനുമതി, കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആക്ഷൻ കൗൺസിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.

വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ടാണ് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ചിരിക്കുന്നത്.

ആക്ഷൻ കൌൺസിലിന്റെ ‘നാഷണൽ കമ്മിറ്റികൾ’ വിവിധ രാജ്യങ്ങളിലും രൂപീകരിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ആക്ഷൻ കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ മറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഓൺലൈൻ വഴി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ സംഘടനാ നേതാക്കളാണ് വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, സെക്രട്ടറി, ട്രെഷറർ തുടങ്ങി വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്. ആക്ഷൻ കൗൺസിലിൽ അംഗമാകുവാൻ താത്പര്യമുള്ളവർ 9315503394 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

Print Friendly, PDF & Email

Leave a Comment

More News