ഫിലഡല്‍ഫിയ: ഷിക്കാഗൊ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആസ്ഥാന ദേവാലയമായ മാര്‍ തോമ്മാശ്ലീഹാ കത്തീഡ്രലില്‍ ജൂലൈ 14 ഞായറാഴ്ച്ച സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് നടത്തി.
ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രല്‍ വികാരി വെരി റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, രൂപതാ വൈസ് ചാന്‍സലര്‍ റവ. ഫാ. ജോണ്‍സണ്‍, റവ. ഫാ. യൂജീന്‍, ഫാമിലി കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു, എസ്. എം. സി. സി. നാഷണല്‍ സെക്രട്ടറി/ജൂബിലികമ്മിറ്റി കോചെയര്‍പേഴ്‌സണ്‍ മേഴ്‌സി കുര്യാക്കോസ്, ചിക്കാഗൊ ചാപ്റ്റര്‍ ഭാരവാഹികളായ സെബാസ്റ്റ്യന്‍ എമ്മാനുവേല്‍, ജോസഫ് ജോസഫ്, കത്തീഡ്രല്‍പള്ളി കൈക്കാരന്മാരായ ബിജി മാണി, ബോബി ചിറയില്‍, സന്തോഷ് കാട്ടൂക്കാരന്‍, വിവിഷ് ജേക്കബ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ഞായറാഴ്ച്ച രാവിലെ ദിവ്യബലിക്കുശേഷം ഫാമിലി കോണ്‍ഫറന്‍സ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടനില്‍നിന്നും ആദ്യ രജിസ്റ്റ്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഉത്ഘാടനം ചെയ്തു.
എസ്. എം. സി. സി. മുന്‍ നാഷണല്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, ഷാബു മാത്യു, ബിജി വര്‍ഗീസ്, നീനു പ്രതീഷ്, ജോസഫ് നഴിയമ്പാറ, ഷിബു അഗസ്റ്റിന്‍, കുര്യാക്കോസ് തുണ്ടിപറമ്പില്‍, ഷാജി ജോസഫ്, സണ്ണി വള്ളിക്കളം, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവരും രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. അല്‍ഫോന്‍സാ ഹാളിലായിരുന്നു ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്.
ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് തന്റെ ആമുഖ പ്രസംഗത്തില്‍ രൂപതയുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും ഫിലാഡല്‍ഫിയായില്‍ 1999 ല്‍ നടന്ന ആദ്യ സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ എങ്ങനെ സഹായകമായി എന്നും, രൂപതയുടെ വളര്‍ച്ചയ്ക്ക് എസ്. എം. സി. സി. നല്‍കിക്കൊണ്ടിരിക്കുന്ന സഹായസഹകരണങ്ങളും അനുസ്മരിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫാമിലി കോണ്‍ഫറന്‍സിന്എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു തന്റെ പ്രസംഗത്തില്‍ രൂപതയിലെ എല്ലാ സീറോമലബാര്‍ വിശ്വാസികളെയും കുടുംബമേളയിലേയ്ക്ക് സ്വാഗതം ചെയ്യുകയും, എല്ലാവരും നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. മേഴ്‌സി കുര്യാക്കോസ് എല്ലാവരെയും സദസിന് പരിചയപ്പെടുത്തി. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എം. സി. യായി. ചാപ്റ്റര്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ എമ്മാനുവേല്‍ നന്ദി പ്രകാശിപ്പിച്ചു.
കൊവിഡ് മഹാമാരിക്കുശേഷം രൂപതയുടെ നേതൃത്വത്തില്‍ എല്ലാ സീറോമലബാര്‍ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ ഫിലാഡല്‍ഫിയയില്‍ നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബസംഗമം അമേരിക്കയിലെ നസ്രാണികത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സീറോമലബാര്‍ ദേശീയ കുടുംബസംഗമത്തിനും, എസ്. എം. സി. സി. രജതജൂബിലി ആഘോഷങ്ങള്‍ക്കും, സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും.
മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോമലബാര്‍ മല്‍സരം, ക്വയര്‍ ഫെസ്റ്റ്, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ബൈബിള്‍ സ്‌കിറ്റ്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍/ചര്‍ച്ചാസമ്മേളനങ്ങള്‍, വിവാഹജീവിതത്തിന്റെ 25/50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോള്‍ ടൂര്‍ണമെന്റ്, ഫിലാഡല്‍ഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സീറോമലബാര്‍ കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ.് എം. സി. സി. നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍; ആതിഥേയഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും; ജോര്‍ജ് മാത്യു സി.പി.എ. (ചെയര്‍പേഴ്‌സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്‌സി കുര്യാക്കോസ്, (കോചെയര്‍പേഴ്‌സണ്‍സ്), ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ജോജോ കോട്ടൂര്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരും, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റി എസ.് എം. സി. സി. നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നു.
മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് ഭക്ഷണമുള്‍പ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്‌ട്രേഷന്‍ ഫീസ്. ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിന് സമീപസ്ഥങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയ കുടുംബങ്ങളെ ക്രമീകരിക്കുന്നതിനും സംഘാടകര്‍ ശ്രമിക്കുന്നു.
കോണ്‍ഫറന്‍സിന് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യം. കോണ്‍ഫറന്‍സ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: www.smccjubilee.org
സോമര്‍സെറ്റ് സെ. തോമസ്, ന്യൂയോര്‍ക്ക് ബ്രോങ്ക്‌സ് ദേവാലയങ്ങളില്‍ ഇതിനോടകം നടന്ന കിക്ക് ഓഫുകളില്‍ ധാരാളം കുടുംബങ്ങള്‍ ബുക്കുചെയ്തുകഴിഞ്ഞു. സീറ്റുകള്‍ പരിമിതമായതിനാല്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് വെബ്‌സൈറ്റുവഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. രജിസ്റ്റ്രേഷനുള്ള അവസാനതിയതി ആഗസ്റ്റ് 31.