അമേരിക്കൻ മലയാളി ഹിന്ദു സംഘടനായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ മാസാചരണത്തിന് നടന്ന രാമായണ പാരായണ ശുഭാരംഭം പ്രശസ്ത സംഗീതജ്ഞൻ ശ്രീ കാവാലം ശ്രീകുമാർ ഉത്‌ഘാടനം ചെയ്തു.
മന്ത്രയുടെ നേതൃത്വത്തിൽ രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട്, പ്രശസ്ത സംഗീതജ്ഞനും രാമായണ പാരായണ ആചാര്യനുമായ ശ്രീ കാവാലം ശ്രീകുമാർ രാമായണപാരായണ യജ്‌ഞം ഉത്‌ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് രാമായണം ലോകത്തിനു നല്‍കുന്നത് എന്നും, കാലം ചെല്ലുംതോറും രാമായണത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിന് വഴികാട്ടാനുള്ള മാർഗദർശി കൂടിയാണ് എന്നും ശ്രീ കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണ് എന്നും, മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കവ്യം വ്യക്തമാക്കുന്നു എന്ന് ശ്രീ മന്ത്രയുടെ അദ്ധ്യക്ഷൻ ശ്രീ ശ്യം ശങ്കർ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. സംഘര്‍ഷഭരിതവും സ്വാര്‍ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തും അകറ്റാമെന്ന് രാമായണം ഉദ്ബോദിപ്പിക്കുന്നു എന്ന് ആചാര്യൻ ശ്രീ ഹരി ശിവരാമൻ പറഞ്ഞു.
ഈ വർഷത്തെ രാമായണപാരായണ യജ്‌ഞത്തിൽ പങ്കെടുക്കുവാൻ വളരെ അധികം ഭക്തർ പങ്കുചേർന്നിരുന്നു. അടുത്ത 31 ദിവസങ്ങളിൽ മന്ത്ര വെർച്യുൽ ആയി സംഘടിപ്പിക്കുന്ന രാമായണ പാരായണത്തിൽ എല്ലാ നല്ലവരായ സത് ജനങ്ങളും പങ്കെടുക്കണം എന്ന് ശ്രീ ശ്യം ശങ്കർ അഭ്യർത്ഥിച്ചു.
രാമായണ പാരായണ യജ്‌ഞം ഉത്‌ഘാടനം ചെയ്ത ശ്രീ കാവാലം ശ്രീകുമാറിനും, രാമായണ പാരായണത്തിനു നേതൃത്വം നൽകിയ എല്ലാവര്ക്കും, ശുഭാരംഭത്തിനു നേതൃത്വം നൽകിയ എല്ലാവർക്കും പങ്കെടുത്ത എല്ലാവർക്കും ജനറൽ സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു.