കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ റെയിൽ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ശക്തമായ കാറ്റിൽ ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിർത്തലാക്കേണ്ടി വന്നു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുതാണ് മഴ കനക്കാൻ കാരണമാകുന്നത്.
ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.