തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ തുടരും. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്നു ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നേരത്തെയുണ്ടായ പ്രവചനം. വടക്കൻ കേരളത്തിൽ സാധാരണയിലും കൂടുതൽ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ട്.
വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറന്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്‌ക്കും അടുത്ത ദിവസം ശക്തമായ മഴയ്‌ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.