500 രൂപ കൂലി ആവശ്യപ്പെട്ട തൊഴിലാളിയെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ തൊഴിലാളിയെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാടത്ത് മരുന്ന് തളിക്കാൻ 500 രൂപ ആവശ്യപ്പെട്ട തൊഴിലാളിയോടാണ് മനുഷ്യത്വരഹിതമായ പ്രവര്‍ത്തി ചെയ്തത്. സംഭവത്തിന് ശേഷം പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിലെത്തിയ തൊഴിലാളിയെ പോലീസ് തിരിച്ചയച്ചതിനെത്തുടര്‍ന്ന് ഭീം ആർമി പ്രതിഷേധപ്രകടനം നടത്തി. അതിനു ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതും കുറ്റകൃത്യം ചെയ്ത ആളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരേര പോലീസ് സ്‌റ്റേഷനിലെ ബാഗേദാരി ഗ്രാമത്തിൽ ജൂലൈ 14നായിരുന്നു സംഭവം.

രാം സിംഗ് ഠാക്കൂര്‍ എന്ന വ്യക്തിയെയാണ് അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം, രാജേഷ് എന്നാണ് ഇരയുടെ പേരെന്ന് പോലീസ് പറഞ്ഞു. വയലിൽ കീടനാശിനി തളിക്കുന്നതിന് രാജേഷ് 500 രൂപ രാം സിംഗ് താക്കൂറില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ കുപിതനായ ഠാക്കൂര്‍ രാജേഷിനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

കുറച്ച് സമയത്തിന് ശേഷം, രാജേഷ് തൻ്റെ വീട്ടിലെത്തിയപ്പോൾ, ഠാക്കൂർ തൻ്റെ ആളുകളുമായി രാജേഷിനെ പിന്തുടരുകയും മര്‍ദ്ദിക്കുകയും തുടര്‍ന്ന് തൻ്റെ ഷൂസിൽ മൂത്രം നിറച്ച് രാജേഷിനെ ബലം പ്രയോഗിച്ച് കുടിപ്പിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

ജൂലൈ 14-ന് നടന്ന സംഭവത്തിൻ്റെ പിറ്റേന്ന്, അതായത് ജൂലൈ 15-ന്, രാജേഷ് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറാകാതെ പോലീസ് അയാളെ തിരിച്ചയച്ചു. തുടര്‍ന്നാണ് രാജേഷ് ഭീം ആർമിയുടെ സഹായം അഭ്യർത്ഥിച്ചത്. ഭീം ആർമി അനുകൂലികൾ റോഡ് ഉപരോധിച്ചതോടെ രാം സിംഗ് ഠാക്കൂറിനെതിരെ പൊലീസ് കേസെടുക്കാന്‍ നിര്‍ബ്ബന്ധിതരായി. എന്നാല്‍, എഫ് ഐ ആറില്‍ ഒരിടത്തും മൂത്രം കുടിപ്പിച്ചതായി പരാമർശമില്ല.

മധ്യപ്രദേശിൽ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. മെയ് മാസത്തിൽ, ഗുണയിൽ വച്ച് ഒരാളെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തോളം അയാളെ ബന്ദിയാക്കി. അതിനുശേഷം, തല മുണ്ഡനം ചെയ്യുകയും സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ച് ഗ്രാമത്തില്‍ പ്രദക്ഷിണം നടത്തി.

Print Friendly, PDF & Email

Leave a Comment

More News