ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ഭക്തിനിര്‍ഭരം

ഫിലാഡല്‍ഫിയ: ഭാരത അപ്പസ്തോലനും, ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെ വിവിധതിരുക്കര്‍മ്മങ്ങളോടെയും, കലാപരിപാടികളോടെയും ആഘോഷിച്ചു. ജൂണ്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ചിക്കാഗോ സീറോമലബാര്‍ രൂപതാ വികാരിജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ സംയുക്തമായി തിരുനാള്‍കൊടി ഉയര്‍ത്തി പത്തുദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു ആരംഭം കുറിച്ചു.

ജുലൈ 5 വെള്ളിയാഴ്ച്ച മുന്‍ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കിലും, ശനിയാഴ്ച്ച റവ. ഫാ. ജോബി ജോസഫും (സെ. മേരീസ് സീറോമലബാര്‍, ലോംഗ് ഐലന്‍റ്) മുഖ്യകാര്‍മ്മികരായി തിരുനാള്‍ കുര്‍ബാനയും, ലദീഞ്ഞും. ശനിയാഴ്ച്ച ലദീഞ്ഞിനുശേഷം ചെണ്ടമേളത്തിന്‍റെയും, ബഹുവര്‍ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറി. ഇടവകയിലെ കലാപ്രതിഭകളും, പ്രസുദേന്തി കുടുംബങ്ങളും അവതരിപ്പിച്ച മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന കലാസന്ധ്യ ഹൃദ്യമായിരുന്നു. അനുഗൃഹീത നൃത്തകലാകാരനും, മാതാ ഡാന്‍സ് അക്കാഡമി ഡയറക്ടറുമായ ബേബി തടവനാലിന്‍റെ കോറിയോഗ്രഫിയില്‍ നൃത്തവിദ്യാലയത്തിലെ കലാപ്രതിഭകള്‍ ബേബിയൊന്നിച്ചവതരിപ്പിച്ച അവതരണനൃത്തം, ഇടവക ഗായക സംഘത്തിന്‍റെ ഗാനാമൃതം, സി.സി.ഡി. ഗേള്‍സിന്‍റെ പ്രാര്‍ത്ഥനാനൃത്തം, പ്രസുദേന്തി ദമ്പതികളും, കുട്ടികളും ഒന്നുചേര്‍ന്നവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍, മിമിക്രി ആര്‍ട്ടിസ്റ്റുകളായ ആക്കാട്ടുമുണ്ട റോയ്/റോജ് സഹോദരങ്ങള്‍ അവതരിപ്പിച്ച സൈന്‍ ആര്‍ട്ടിസ്റ്റുകളുടെ ശബ്ദാനുകരണം, മരിയന്‍ മദേഴ്സിന്‍റെ സ്കിറ്റ്, സെ. വിന്‍സന്‍റ് ഡി പോള്‍ ടീം അവതരിപ്പിച്ച ഹാസ്യനാടകം, യൂത്ത് ഡാന്‍സ് എന്നിവ സദസ്യര്‍ നന്നായി ആസ്വദിച്ചു. കമ്പ്യൂട്ടര്‍ സങ്കേതികവിദ്യയുടെ സഹായത്താല്‍ കലാപരമായ ഡിസൈനുകളും, സ്റ്റേജിലവതരിപ്പിക്കുന്ന കലാരൂപത്തിനിണങ്ങുന്ന പശ്ചാത്തല ദൃശ്യവിസ്മയങ്ങളും സമന്വയിപ്പിച്ചുള്ള വീഡിയോ വാള്‍ സ്റ്റേജിനു മിഴിവേകി. ടിജോ പറപ്പുള്ളി, ജയിന്‍ സന്തോഷ്, ആല്‍ബിന്‍ ഏബ്രാഹം, എമിലിന്‍ തോമസ് എന്നിവര്‍ കലാസന്ധ്യയുടെ അവതാരകരായി.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 7 ഞായറാഴ്ച്ച രാവിലെ ഒമ്പതര മണിക്ക് റവ. ഫാ. ലിജോ കൊച്ചുപറമ്പിലിന്‍റെ (ഫിലാഡല്‍ഫിയ സെ. ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷന്‍) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന. റവ. ഫാ. ജോസഫ് അലക്സ് (കാത്തലിക് യൂണിവേഴ്സിറ്റി, വാഷിംഗ്ടണ്‍ ഡി. സി.) തിരുനാള്‍ സന്ദേശം നല്‍കി. നൊവേനക്കും ലദീഞ്ഞിനുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങള്‍ തയാറാക്കിയ കാര്‍ണിവല്‍, തുടര്‍ന്ന് സ്നേഹവിരുന്ന്.

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 8 തിങ്കളാഴ്ച്ച വൈകുന്നേരം 7 നുള്ള ദിവ്യബലി, ഒപ്പീസ് എന്നിവയെതുടര്‍ന്ന് റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കൊടിയിറക്കിയതോടെ പത്തുദിവസം നീണ്ട തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീണു.

വിന്‍സന്‍റ് ഇമ്മാനുവലും കുടുംബവുമായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിയത്. ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ പ്രസുദേന്തി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ തിരുനാളിന്‍റെ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചു.

ഫോട്ടോ: ജോസ് തോമസ്

 

 

Print Friendly, PDF & Email

Leave a Comment

More News