കണ്ണൂർ: കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്‌ഷന്‍ കൗൺസിലിന്റെ’ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ‘ഇലക്‌ഷന്‍ റിട്ടേണിംഗ് ഓഫീസർമാരെ’ തിരഞ്ഞെടുത്തു. റിയാസ് അരിങ്ങലോട്ട്, ലിബേഷ് വാഴയിൽ, ജോസ് ലുക്കോസ്, നൗഷാദ് സി. പി, അബ്ദുള്ള കെ. കെ, രാജേഷ് നാരായണൻ, മാത്യു ജോർജ് വെള്ളരിങ്ങാട്ട്, നൗഷാദ് യു. കെ, അഞ്ചാംകുടി രാജേഷ്, സിബി ആന്റണി എന്നിവരെയാണ് വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്തത്.
ആക്‌ഷൻ കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായി, കണ്ണൂർ – തിരൂർ സ്വദേശിയായ രാജീവ് ജോസഫിനെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന പ്രവാസി കൂട്ടായ്മ ഐക്യകണ്ട്ഠേന തിരഞ്ഞെടുത്തു. ആക്‌ഷൻ കൗൺസിലിന്റെ വൈസ് ചെയർമാൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർ, ജോയിന്റ് ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുവാനാണ് പത്ത് ‘റിട്ടേർണിംഗ് ഓഫീസർമാരെ’ ആക്‌ഷൻ കൗൺസിൽ നിയമിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുമായി ആയിരം കോഓർഡിനേറ്റർമാരെയും ഇപ്പോൾ തിരഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. കൂടാതെ, വിവിധ രാജ്യങ്ങളിലെ പ്രമുഖ മലയാളി സംഘടനാ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട്, ആക്‌ഷൻ കൗൺസിലിന്റെ ‘ഉപദേശക സമിതിയും’ രൂപീകരിക്കുന്നുണ്ട്.
കണ്ണൂർ എയർപോർട്ടിൽ വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾ പറന്നിറങ്ങാനുള്ള അനുമതി, കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആക്‌ഷന്‍ കൗൺസിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ടാണ് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ചിരിക്കുന്നത്.
ആക്‌ഷൻ കൌൺസിലിന്റെ ‘നാഷണൽ കമ്മിറ്റികൾ’ വിവിധ രാജ്യങ്ങളിലും രൂപീകരിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആക്‌ഷൻ കൗൺസിലിൽ അംഗമാകുവാൻ താത്പര്യമുള്ളവർ, 9315503394 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.