നിപ വൈറസ് എന്ന് സംശയം; കോഴിക്കോട് 14-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നിപ വൈറസ് ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്‌ക്ക് അയക്കും.

അതേസമയം, സംസ്ഥാനത്ത് മഴ വ്യാപകമായതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമേ എച്ച്1എൻ1 (H1N1) സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് എച്ച് 1 എന്‍ 1 ബാധയെത്തുടർന്ന് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഇവർ മരണപ്പെട്ടത്.

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ പകർച്ചവ്യാധിയായി അന്താരാഷ്‌ട്രതലത്തിൽ റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വ്യാപകമായി പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്നു. വായുവിലൂടെ പകരുന്ന വൈറസാണ് എച്ച്1 എന്‍1.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകരാൻ സാധ്യതയുണ്ട്. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു എത്തുന്നു.

Print Friendly, PDF & Email

Leave a Comment

More News