അയാൾ ഓർക്കുകയായിരുന്നു
അവന്റെ കുട്ടിക്കാലം!
ഓഫീസിൽ നിന്നും വരുമ്പോൾ വാതിൽ തുറന്നു വരവേറ്റിരുന്നത് ഭാര്യയാണ്
ഒക്കത്ത് അവനുണ്ടാകും
എന്നെ കാണുമ്പോൾ മോണകാട്ടി ചിരിച്ചു
കൈ നീട്ടി നെഞ്ചിലേക്ക് ചായും
കോരിയെടുത്തുമ്മ വെക്കുന്ന തക്കത്തിൽ
ആദ്യം കണ്ണട തട്ടിയെടുക്കും പിന്നെ പേന
നിലത്തിടും മുമ്പേ തന്ത്രത്തിൽ തിരിച്ചു വാങ്ങി ദൂരേക്ക് മാറ്റി വെക്കണം
ഓർമ്മപ്പട്ടം കൈവിട്ട് പറക്കുമ്പോൾ
കാഴ്ച മങ്ങിയ കണ്ണുകൾ
ശൂന്യതയിലേക്ക് തിരിച്ചുവെച്ച് അയാൾ
ബന്ധവിച്ഛേദത്തിന്റെ അപാരത അറിയുന്നു
നിസ്സഹായതയുടെ ഇരുമ്പഴികൾക്കുള്ളിൽ ബന്ധനത്തിന്റെ കാഠിന്യമനുഭവിക്കുന്നു
ചെറുമകൻ അയാളെ വാപ്പയെന്നും
അയാളുടെ ഭാര്യയെ ഉമ്മയെന്നും വിളിച്ചു
പപ്പയും മമ്മയും അടുത്തുണ്ടായാലും
അവന്റെ ആവശ്യങ്ങൾക്കും ശാഠ്യങ്ങൾക്കും വഴങ്ങിയിരുന്ന വാപ്പയും ഉമ്മയുമായിരുന്നു ഏറ്റവും പ്രിയപ്പെട്ടവർ
അവനെ നെഞ്ചത്തും ചാരത്തും കിടത്തി
പാട്ടുപാടിയും കഥ പറഞ്ഞും ഉറക്കിയത്
ഊട്ടിച്ചും ഉടുപ്പിച്ചും കൈപിടിച്ചു നടത്തിച്ചത്
മറവിയിലേക്കെറിയാൻ കഴിയില്ല
കുളിപ്പിക്കാൻ അവന്റെ മമ്മ വിളിക്കുമ്പോൾ
വാപ്പ കുളിപ്പിച്ചാ മതി’
പടിക്കൽ വന്നു നിൽക്കുന്ന
സ്കൂൾ ബസ്സിൽ കയറ്റാൻ
അവന്റെ പപ്പ തയ്യാറായി വന്നാൽ
‘വാപ്പ കയറ്റിയാ മതി’
സ്കൂൾ വിട്ടു വരുമ്പോൾ
കഴിക്കാൻ കിട്ടേണ്ടതായ ഭക്ഷണം
ഓരോ ദിവസവും മാറി മാറി
ഓർഡർ തന്നിട്ടു പോകും:
ശരവണയിലെ മസാല ദോശ, വട ചട്ണി
അൻസാരിയുടെ ബിരിയാണി…
കൊഞ്ചിച്ചു വഷളാക്കി എന്ന കുറ്റം
ഏറ്റെടുത്തപ്പോളും നീറ്റമുണ്ടായില്ല
അയാളുടെ സങ്കടങ്ങളുടെ ആഴമറിയുന്ന
കുടുംബ കോടതിയിലെ വക്കീൽ
നമുക്ക് കോടതിയിൽ നിന്നും ഉത്തരവ്
വാങ്ങി അവനെ കാണാമെന്ന്
ഉപദേശം നൽകിയപ്പോൾ
അയാൾ പറഞ്ഞു ‘വേണ്ട’
ഇളം മനസ്സിൽ പതിഞ്ഞ
ഛായാചിത്രങ്ങൾ മായ്ച്ചുകളഞ്ഞ്
വികൃത രൂപങ്ങൾ വരച്ചു ചേർക്കുന്ന
കൗശലക്കാരാണല്ലോ അവനെ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്
മയക്കുമിഠായി കൊടുത്തു കുരുന്നോർമകൾ
വേദനയില്ലാതെ നുള്ളി കളയാമല്ലോ
‘വേണ്ട കാണണ്ട’യെന്നൊരു
നിഷേധത്തിന്റെ വായ്ത്താരി
കള്ളക്കടൽ പോലെ
ചുറ്റും ഇരമ്പുന്നതു കേൾക്കാം
തിരിച്ചറിയാത്ത സ്നേഹം
അനാഥൻറെ വിശപ്പ് പോലെയാണ്
അളവില്ലാതെ കൊടുക്കുന്ന സ്നേഹം
ആർഭാടവും ധൂർത്തുമാണ്