കോട്ടയം: 66-ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേള സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 2:00 മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും.
അത്തം ദിനമായ സെപ്റ്റംബർ 6ന് ഈ വർഷത്തെ ജലമേളയുടെ പതാക ഉയർത്തൽ കർമ്മം നടത്തപ്പെടും. അത്തം മുതൽ ഉള്ള ദിവസങ്ങളില്‍ വിവിധ കലാപരിപാടികൾ വഞ്ചിപ്പാട്ട് മത്സരം, അത്തപ്പൂക്കള മത്സരം, സ്കൂൾ കോളേജ് തലങ്ങളിലെ കുട്ടികളുടെ ചിത്രരചന മത്സരങ്ങൾ, നീന്തൽ മത്സരം, മെഡിക്കൽ ക്യാമ്പും,കനോയും കയാക്കിംഗ്, വിളംബര ഘോഷയാത്ര, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കും. ഉത്രാടം നാളിൽ ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന ജലമേളയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളും 30 ചെറുവള്ളങ്ങളും പങ്കെടുക്കും. ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ്ബിൽ കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവഹിച്ചു. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജലോത്സവ സമിതി ജനറൽ കൺവീനർ അഡ്വ. എ.വി അരുൺ പ്രകാശ്, ജോസ് മാമ്മൂട്ടിൽ, സന്തോഷ് ചാത്തങ്കേരി, അനിൽ സി ഉഷസ്, ജയൻ തിരുമൂലപുരം,അഡ്വ. നോബിൾ മാത്യൂ, ബി. രാധാകൃഷ്ണമേനോന്‍, ലിജിൻ ലാൽ, കെ.ജി തോമസ്, ഡോ. ജോൺസൺ വി ഇടിക്കുള ,നിതാ ജോർജ്ജ്, സ്മിത നായർ, ഗോകുൽ ചക്കുളത്തുകാവ്,ഡോ. ബിനോയി വൈദ്യർ, ബാബു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം 22ന് രാവിലെ 10 ന് തിരുവനന്തപുരം സൗത്ത് പാർക്കിൽ വച്ച് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറൽ കൺവീനർ അഡ്വ. അരുൺ പ്രകാശ്, സെക്രട്ടറി പുന്നൂസ് ജോസഫ്, പ്രോഗ്രാം കോഓര്‍ഡിനേറ്റർ സന്തോഷ് ചാത്തങ്കരി, ചീഫ് കോഓര്‍ഡിനേറ്റർമാരായ അഞ്ചു കൊച്ചേരി, ഡോ. ജോൺസൺ ഇടിക്കുള എന്നിവർ അറിയിച്ചു.
ഈ വർഷത്തെ ജലമേളയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ, സെക്രട്ടറി പൊന്നൂസ് ജോസഫ്,ചീഫ് കോഓര്‍ഡിനേറ്റർ അഞ്ചു കോച്ചേരി തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ് (8089132971,6235434739).