98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; തെരച്ചിൽ പുഴയിലേക്ക് മാറ്റാൻ സാധ്യത

ഷിരൂർ: കർണാടകയിലെ അങ്കോലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ റോഡിൽ നിന്ന് 98 ശതമാനം മണ്ണ് നീക്കിയിട്ടും അർജുൻ്റെ ലോറി കണ്ടെത്താനായില്ല. എന്നാൽ, അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് അർജുൻ്റെ ലോറി കണ്ട ദൃക്‌സാക്ഷികളുടെ വാക്കുകൾ അനുസരിച്ച്, അർജുൻ്റെ വാഹനം റോഡിൽ നിന്ന് കൂടുതൽ അകത്തേക്ക് മൺതിട്ടയോട് ചേർന്നാണ് നിർത്തിയിരുന്നത്. ഇതനുസരിച്ച് ഇനിയും മണ്ണ് നീക്കാനുള്ള ഭാഗത്ത് റോഡിൻ്റെ ചരിവിനു സമീപം അർജുൻ്റെ വാഹനം കണ്ടേക്കുമെന്ന് ഇനിയും പ്രതീക്ഷയുണ്ട്.

ഗംഗാവലി നദിയിൽ തിരച്ചിൽ നടത്താനുള്ള നാവികസേനയുടെ തീരുമാനം കാത്തിരിക്കുകയാണിപ്പോള്‍. പുഴയിലെ പരിശോധന വളരെ സങ്കീർണമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയുടെ അടിയിൽ വൻതോതിൽ മണ്ണ് വീണിട്ടുണ്ട്. നേരത്തെ നാവികസേനാ സംഘം നദിയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാല്‍, അത് നിഷ്ഫലമായി. റോഡിലെ മണ്ണിനടിയിലാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറി ഇല്ലെന്ന വ്യക്തമായ സാഹചര്യം ഉണ്ടായാൽ തിരച്ചിൽ പുഴയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

ദേശീയപാതയിലെ 98 ശതമാനം മണ്ണ് നീക്കിയെന്നും ഇതുവരെ ലോറി കണ്ടെത്താനായില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി. ജി.പി.എസ് സിഗ്നല്‍ ട്രാക്ക് ചെയ്ത സ്ഥാനത്ത് ലോറിയില്ലെന്നും കർണാടക മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് നേരെ പുഴയിലേക്കാണ് ഒഴുകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ നേരത്തെ തിരച്ചില്‍ നടത്തിയത്. രണ്ടു കർണാടക സ്വദേശികളെയും കാണാതായിട്ടുണ്ട്.

സാധ്യമായതെല്ലാം ചെയ്യും; രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ

അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം വാഹനങ്ങളും ആളുകളും ഒലിച്ചു പോയിട്ടുണ്ട് എന്നും ആകെ പത്തുപേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്നും ഇനിയും മൂന്നുപേരെ കണ്ടെത്താൻ ഉണ്ടെന്നും പറഞ്ഞു.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്ന് 128 മണിക്കൂർ പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് എന്നതും ശ്രദ്ധേയമാണ്. കോഴിക്കോട് സ്വദേശിയായ അർജുനായുള്ള തിരച്ചിലിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം അർജുന്റെ കുടുംബത്തിന്റെ പരാതി അവഗണിച്ചിട്ടില്ല എന്നും പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നിരുന്നു.

നാവികസേനയുടെ നേതൃത്വത്തിൽ നദിയിലും പരിശോധന തുടരുന്നു. ഐഎസ്ആർഒയുടെ സഹായവും തിരച്ചിലിന് ഉണ്ട്. ബെലഗാവിൽ നിന്നുള്ള 40 അംഗ സൈനിക സംഘമാണ് ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഷിരൂരിൽ എത്തിയത്. റോഡിലെ മണ്ണിൽ ജിപിഎസ് സിഗ്നൽ ലഭിച്ച ഇടത് 98% മണ്ണും നീക്കം ചെയ്ത് കഴിഞ്ഞെന്നും ട്രക്ക് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും കർണാടക റവന്യൂ മന്ത്രിയും പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News