മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ ലക്ഷണങ്ങളോടെ ഒരാളെ കൂടി ഐസിയുവിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 68കാരനെയാണ് നിപ ലക്ഷണങ്ങളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ രോഗി ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം നിപ്പ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ ഇന്ന് മരണപ്പെട്ടിരുന്നു. ഈ കുട്ടിയുമായി സമ്പർക്കം ഇല്ലാത്ത വ്യക്തിയാണ് ഇപ്പോൾ നിപ്പ ലക്ഷണങ്ങളുമായി ഐസിയുവിൽ കഴിയുന്ന 68 വയസ്സുകാരൻ. അതേ സമയം നിപ്പ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിൽ കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചിരുന്നു. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മലപ്പുറം ജില്ല.
സുരക്ഷയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ആനക്കയം പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആനക്കയം പാണ്ടിക്കാട് പഞ്ചായത്തുകളിൽ എല്ലാവരോടും വീടുകളിൽ തുടരണമെന്നും വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ പ്രദേശത്തെ കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും സിനിമ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കരുത് നിർദ്ദേശം നൽകിയിട്ടുണ്ട്. സെക്കൻഡറി സമ്പർക്ക പട്ടിക കൂടി ഉടൻതന്നെ പുറത്തുവിടും.