ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ ഡൽഹിയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേരളത്തിൽ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളായ വി.ശിവദാസൻ, എ.എ റഹീം എന്നിവർക്കാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ഭീഷണി സന്ദേശം ലഭിക്കുന്നത്. ‘സിഖ് ഫോർ ജസ്‌റ്റിസ്’ എന്ന ഖാലിസ്ഥാൻ തീവ്രവാദ വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ ഭീഷണിയാണ് ലഭിച്ചത്.
ഖാലിസ്ഥാന് അനുകൂലമല്ലെങ്കിൽ രണ്ട് എംപിമാരും വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു. ഇരുവരും സന്ദേശത്തെക്കുറിച്ച് ഉടൻതന്നെ ഡൽഹി പൊലീസിൽ അറിയിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
പൊലീസ് വീട്ടിലെത്തി വി. ശിവദാസൻ എം.പിയിൽ നിന്നും വിവരശേഖരണം തേടി. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്ന് വൈകാതെ ഒരുകൂട്ടം യുവാക്കൾ പാർലമെന്റിനുള്ളിൽ അതിക്രമിച്ച് കയറി നിറങ്ങളുള്ള പൊടി വിതറിയ സംഭവം നടന്നിരുന്നു. നിലവിൽ സി.എസ്.ഐ.എഫിനാണ് പാർലമെന്റിന്റെ സുരക്ഷാ ചുമതല. ശക്തമായ നിയന്ത്രണമാണ് ഇവിടെയുള്ളത്.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനമാണ് ഇന്ന് പാർലമെന്റിൽ ആരംഭിക്കുന്നത്.