എസ്.എം.സി.സി സിൽവർ ജൂബിലി ആഘോഷവും ഫാമിലി കോൺഫറന്‍സും: ബ്രോങ്ക്സ് ഇടവകയിൽ ആവേശോജ്വലമായ രജിസ്ട്രേഷൻ കിക്കോഫ്

ന്യൂയോര്‍ക്ക്‌: സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലഡല്‍ഫിയില്‍ വെച്ചു നടക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) സില്‍വര്‍ ജൂബിലിയുടേയും ഫാമിലി കോണ്‍ഫറന്‍സിന്റേയും രജിസ്ട്രേഷന്‍ കിക്കോഫ്‌ ബ്രോങ്ക്സ്‌ സെന്‍റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോന ഇടവകയില്‍ ജൂലൈ 14-ാം തീയതി ഞായറാഴ്ച നടന്നു. ഒഡീഷയിലെ ബാലസോർ രൂപതാ ബിഷപ്പ്‌ മാര്‍ വര്‍ഗീസ്‌ തോട്ടംകര ആദ്യ രജിസ്‌ട്രേഷന്‍ എസ്‌.എം.സി.സി മുന്‍ സെക്രട്ടറി ജോസഫ്‌ കാഞ്ഞമലയില്‍ നിന്നും ഏറ്റുവാങ്ങി. ബ്രോങ്ക്‌സ്‌ ഇടവകയില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ്‌ രജിസ്ട്രേഷന്‍ കിക്കോഫിന്‌ ലഭിച്ചത്‌.

ഇടവക വികാരി റവ. ഫാ. കുര്യാക്കോസ്‌ വടാന അനുഗ്രഹ പ്രഭാഷണം നടത്തി. സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ജോജോ കോട്ടൂര്‍ പ്രസംഗിച്ചു. നാഷണല്‍ ട്രഷറര്‍ ജോര്‍ജ്‌ വി ജോര്‍ജ്‌, സബ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജി മിറ്റത്താനി എന്നിവര്‍ സന്നിഹിതരായിരുന്നു. റീജണല്‍ കോഓര്‍ഡിനേറ്റര്‍ ഷോളി കുമ്പിളുവേലി, എസ്‌.എം.സി.സി മുന്‍ ചാപ്റ്റര്‍ പ്രസിഡന്റുമാരായ ജോസ്‌ ഞാറക്കുന്നേല്‍, ഷാജി സഖറിയ, ജോസ്‌ മലയില്‍, ജിം ജോര്‍ജ്‌, ബെന്നി മുട്ടപ്പള്ളില്‍, ട്രസ്റ്റീ ഷൈജു കളത്തില്‍, ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ വിരുത്തിയില്‍, സണ്ണി മാത്യു, മാത്തച്ചന്‍ പുതുപ്പള്ളില്‍, ടോം മുണ്ടയ്ക്കല്‍, വൈസ്‌ പ്രസിഡന്റ ഗ്രേസ്‌ കാഞ്ഞമല തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

എസ്‌.എം .സി.സി ചാപ്റ്റര്‍ പ്രസിഡന്‍റ്‌ ആന്റോ കണ്ണാടൻ സ്വാഗതവും, സെക്രട്ടറി സ്വപ്ന മലയില്‍ നന്ദിയും പറഞ്ഞു. കോവിഡ്-19 മഹാമാരിക്ക്‌ ശേഷം രൂപതയുടെ നേതൃത്വത്തില്‍ എല്ലാ സീറോ മലബാര്‍ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ ഫിലഡല്‍ഫിയയില്‍ നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബ സംഗമം അമേരിക്കയിലെ നസ്രാണി കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും.

സീറോ മലബാര്‍ ദേശീയ കുടുംബസംഗമത്തിനും, എസ്‌.എം.സി.സി. രജത ജൂബിലി ആഘോഷങ്ങള്‍ക്കും, സഭാ പിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായ നേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. മൂന്നു ദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച്‌ എല്ലാ ദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ്‌ സീറോ മലബാര്‍ മത്സരം, ക്വയര്‍ ഫെസ്റ്റ്‌, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണി തനിമയിലുള്ള പൈത്യക ഘോഷയാത്ര, ബൈബിള്‍ സ്കിറ്റ്‌, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍/ചര്‍ച്ചാ സമ്മേളനങ്ങള്‍, വിവാഹ ജീവിതത്തിന്റെ 25/50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപക സംഗമം, ബാങ്ക്വറ്റ്, വോളിബോള്‍ ടൂര്‍ണമെന്റ്‌, ഫിലഡല്‍ഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്‌.

സീറോ മലബാര്‍ കൂടുംബ സംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തില്‍ ബിഷപ്‌ മാര്‍ ജോയ്‌ ആലപ്പാട്ട്‌ മുഖ്യ രക്ഷാധികാരിയും, എസ്.എം.സി. സി. നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ്‌ എളംബാശേരില്‍, ആതിഥേയ ഇടവക വികാരി റവ. ഡോ. ജോര്‍ജ്‌ ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും, ജോര്‍ജ്‌ മാത്യു സി.പി.എ. (ചെയര്‍പേഴ്‌സണ്‍), ഡോ. ജയിംസ്‌ കുറിച്ചി, മേഴ്‌സി കുര്യാക്കോസ്‌, (കോചെയര്‍പേഴ്‌സണ്‍സ്‌), ജോസ്‌ മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ്‌ വി. ജോര്‍ജ്‌ (ട്രഷറര്‍), നാഷണല്‍ കോഓര്‍ഡിനേറ്റര്‍മാരായ ജോജോ കോട്ടൂര്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരും, വിവിധ സബ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റി എസ്‌ എം.സി.സി. നാഷണല്‍ പ്രസിഡന്റ്‌ സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌, ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നു.

മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക്‌ ഭക്ഷണമുള്‍പ്പെടെ 150 ഡോളറും, നാലു പേരടങ്ങിയ കുടുംബത്തിന് 500 ഡോളറുമാണൂ രജിസ്‌ട്രേഷന്‍ ഫീസ്‌.

ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്‌ താമസത്തിന്‌ സമീപസ്ഥലങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയ കുടുംബങ്ങളെ ക്രമീകരിക്കരിക്കുന്നതിനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഫറന്‍സിന്‌ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണ്‌ ഏറ്റവും സ്വീകാര്യം. കോണ്‍ഫറന്‍സ്‌ സംബന്ധിച്ച എല്ലാ വിവരങ്ങളും ജൂബിലി വെബ്സൈറ്റില്‍
ലഭ്യമാണ്‌.

വെബ്സൈറ്റ്‌: www.smccjubilee.org

Print Friendly, PDF & Email

Leave a Comment