വാഷിംഗ്ടൺ: ജോ ബൈഡൻ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും അദ്ദേഹത്തിൻ്റെ തീരുമാനത്തെ പ്രശംസിച്ചു.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ജോ ബൈഡൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ നിര്‍ദ്ദേശിച്ചെങ്കിലും, ഒബാമയും നാന്‍സി പെലോസിയും അതിന് പിന്തുണ നല്‍കിയിട്ടില്ല. ഇത് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ഞെട്ടിച്ചിരിക്കുകയാണ്. നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ പിന്തുണയ്ക്കാൻ ഇരുവരും വിസമ്മതിച്ചു.
പ്രസിഡൻ്റ് ജോ ബൈഡൻ്റെ പിന്തുണയുള്ളതിനാൽ കമലാ ഹാരിസ് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതായി റിപ്പോർട്ടുകൾ പറയുന്നു. അടുത്ത മാസം ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ കമലാ ഹാരിസിനെ പാർട്ടി പ്രതിനിധികൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ജോ ബൈഡന് 3,896 പ്രതിനിധികളാണുള്ളത്, കമലാ ഹാരിസിന് നോമിനേഷൻ നേടുന്നതിന് 1,976 പ്രതിനിധികൾ മാത്രമേ ആവശ്യമുള്ളൂ.
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് നേതാവ് അശ്വിൻ രാമസ്വാമി പാർട്ടിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ പേര് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിന് പിന്തുണച്ചു. ഇന്ത്യൻ-അമേരിക്കക്കാരുടെയും എഎപിഐകളുടെയും (ഏഷ്യൻ അമേരിക്കക്കാരുടെയും പസഫിക് ദ്വീപുകാരുടെയും) പ്രാതിനിധ്യത്തിലേക്കുള്ള വലിയ കുതിച്ചുചാട്ടമായിരിക്കും കമല ഹാരിസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നതെന്ന് രാമസ്വാമി പറഞ്ഞു.
അമേരിക്കയുടെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പ്രസിഡൻ്റായി വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ചരിത്രം സൃഷ്ടിക്കും. ഇത് അമേരിക്കയിലെ ഇന്ത്യൻ-അമേരിക്കൻ, എഎപിഐ കമ്മ്യൂണിറ്റിയുടെ പ്രാതിനിധ്യത്തിലേക്കുള്ള ഒരു വലിയ കുതിച്ചു ചാട്ടമായിരിക്കും, എന്നെപ്പോലുള്ള യുവാക്കൾക്ക് ഇത് പ്രചോദനമാകും. കമലാ ഹാരിസിൻ്റെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിനെപ്പോലെ, എൻ്റെ അമ്മയും ചെന്നൈയിലെ ബസന്ത് നഗർ സ്വദേശിയാണ്, എനിക്കത് വളരെ പ്രത്യേകതയുള്ളതാണ്. പ്രസിഡൻ്റ് ബൈഡൻ്റെ മികച്ച നേതൃത്വത്തിന് താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹത്തിൻ്റെ പാത പിന്തുടരുന്ന അടുത്ത ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിൻ്റെ പേരിനെ പിന്തുണയ്ക്കുന്നതായും രാമസ്വാമി പറഞ്ഞു.