പമ്പാ ജലമേള സെപ്റ്റംബർ 14ന്; അനുസ്മരണവും ലോഗോ പ്രകാശനവും നടത്തി

തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും, സാഹോദര്യവും, സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024 സെപ്റ്റംബർ 14ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 66-ാംമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ ഭാഗമായി ഉള്ള അനുസ്മരണ സമ്മേളനവും ലോഗോ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ തമ്പുരാനും കെ സി മാമ്മൻ മാപ്പിളയും സമൂഹത്തിന് മാർഗദീപങ്ങളാണെന്നും, ഭാവി തലമുറ ഇവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയ്ക്ക് നല്‍കിയാണ് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ലോഗോ പ്രകാശനം ചെയ്തത്. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രസിഡന്റ് കർദിനാൾ ആർച്ച് ബിഷപ്പ് ബസേലിയോസ്‌ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ അഡ്വ. എ.വി അരുൺ പ്രകാശ്, ചീഫ് കോഓര്‍ഡിനേറ്റർ ശ്രീരാജ് ശ്രീവിലാസം, പ്രോഗ്രാം കോഓര്‍ഡിനേറ്റർ സന്തോഷ് ചാത്തങ്കരി, ഡോ. ജോൺസൺ വി ഇടിക്കുള, അഞ്ചു കൊച്ചേരി, അഡ്വ. ജെ ആർ പത്മകുമാർ, ബാബു മീനടം, നിവിൻ കുമാർ എന്നിവർ പ്രസംഗിച്ചു.

ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചനാ മത്സരം, വഞ്ചിപ്പാട്ട് മത്സരം, അത്തപൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, കാർഷിക സെമിനാർ, അനുമോദന യോഗം, സ്മരണിക പ്രകാശനം, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി പുന്നൂസ് ജോസഫ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News