ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുൻ്റേതാണെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചു. കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ഭാരത് ബെൻസ് ട്രക്ക് നദിക്കടിയിലാണ് കണ്ടെത്തിയത്. ട്രക്ക് അർജുൻ്റേതാണെന്ന വിവരവും സർക്കാരിന് കൈമാറിയിട്ടുണ്ട്.
കരയിൽ നിന്നും 20 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിട്ടുള്ളത്. ട്രക്ക് പുറത്തെത്തിക്കാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് വേഗത്തിൽ മണ്ണ് മാറ്റൽ പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കർണാടക റവന്യൂ മന്ത്രിയും എസ്പിയും നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രക്ക് അർജുന്റെതാണെന്ന് സ്ഥിരീകരണം വന്നിരിക്കുന്നത്.
ഇന്ന് പൂർണ്ണമായും ഗംഗ വാലി നദിക്ക് സമീപമുള്ള മൺകൂനയിലും പരിസരത്തുമാണ് തിരച്ചിൽ നടത്തിയിരുന്നത്. നേവിയും ആർമിയും അടക്കം സംയുക്ത സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ബൂം എക്സ്കവേറ്റേഴ്സ് ഉപയോഗിച്ചാണ് ഇന്ന് രാവിലെ മുതൽ നദീതീരത്ത് പരിശോധന തുടരുന്നത്. പ്രദേശത്തെ ഇടവിട്ട് അനുഭവപ്പെടുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.