പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ ജോ ബൈഡന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്മാറിയ ജോ ബൈഡന്‍ ആദ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള തൻ്റെ തീരുമാനം അദ്ദേഹം വിശദീകരിക്കുകയും, നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നോമിനിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണയ്ക്കുകയും ചെയ്യും.

ഇന്ന് രാത്രി 8 മണിക്ക് (പ്രാദേശിക സമയം) അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഓവൽ ഓഫീസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം, അടുത്തതായി എന്ത് സംഭവിക്കുമെന്ന് പറയുകയും ചെയ്യും. അമേരിക്കൻ ജനതയ്‌ക്ക് വേണ്ടി ഭാവിയില്‍ അദ്ദേഹം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും, തന്റെ നോമിനിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ വിജയിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും, വിവിധ വിഷയങ്ങളിൽ സംസാരിക്കുകയും ചെയ്യും.

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം താൻ സ്വീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ ബൈഡന്‍ ഞായറാഴ്ച രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. ആ സമയത്തു തന്നെയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് (59) അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്.

81 കാരനായ ബൈഡൻ, ഒരാഴ്ചയോളം ഡെലവെയറിലെ വസതിയിൽ ചെലവഴിച്ച ശേഷം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വൈറ്റ് ഹൗസിലേക്ക് മടങ്ങി. ലാസ് വെഗാസിൽ പ്രചാരണത്തിനിടെയാണ് അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതും തുടര്‍ന്ന്, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സ്വയം ക്വാറൻറ്റീനില്‍ പ്രവേശിച്ചതും.

കുറച്ചുകാലമായി അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ച് കിംവദന്തികൾ പ്രചരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ട്രം‌പുമായുള്ള സം‌വാദത്തിനു ശേഷം പൊതുജനാഭിപ്രായം ഉയര്‍ന്നിരുന്നു. കൂടാതെ, സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്നും ഇതേ അഭിപ്രായം ബൈഡന്‍ നേരിട്ടു. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറാന്‍ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയടക്കം നിരവധി മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളില്‍ നിന്നും അദ്ദേഹം സമ്മര്‍ദ്ദം നേരിട്ടു.

 

Print Friendly, PDF & Email

Leave a Comment

More News