ജിജോയ്ക്കും കുടുംബത്തിനും ഇന്ന് നാട് യാതാമൊഴി നല്‍കും

എടത്വ : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗ്ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒൻപതാം ക്ലാസ് വിദ്യർഥിനിയായ മൂത്ത മകൾ ഐറിൻ (14), അഞ്ചാം ക്ലാസ് വിദ്യർഥിയായ ഇളയ മകൻ ഐസക്ക് (11) എന്നിവരുടെ സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 ന് തലവടി പടിഞ്ഞാറേക്കര മർത്തോമ്മാ പള്ളിയിൽ നടക്കും.

വ്യാഴാഴ്ച രാവിലെ 5.30 ന് വിലാപയാത്രയായി മൃതദേഹങ്ങൾ ജിജോ പണി കഴിപ്പിച്ച വീട്ടിൽ എത്തിച്ചു. വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 8.30 ന് മൃതദേഹങ്ങൾ പൊതുദർശനത്തിനായി തലവടി പടിഞ്ഞാറേക്കര പള്ളിയിലേക്ക് കൊണ്ടുപോകും. പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സംസ്കാരം ചടങ്ങുകൾ ആരംഭിക്കും. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളി വികാരി ഫാ. തോമസ് ഫിലിപ്പ്, ഫാ. അലക്സാണ്ടർ എബ്രഹാം എന്നിവർ സഹകാർമികത്വം വഹിക്കും. നാലു പേരെയും പ്രത്യേകം സജ്ജീകരിച്ച നാല് കല്ലറകളിലായി സംസ്‌കരിക്കും.

സംസ്കാര ദിനത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
സംസ്കാര ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി പൊള്ളേപ്പടി റോഡിലൂടെ കടന്ന് സംസ്കാരം നടക്കുന്ന തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ (കുഴിപ്പള്ളി) എത്തിച്ചേരണം. സംസ്കാര ശേഷം സെൻ്റ് ജോൺസ് പള്ളിയുടെ മുൻവശത്തുകൂടി അർത്തിശ്ശേരി വഴി മുട്ടാർ കിടങ്ങറ റോഡിൽ ഇറങ്ങി നീരേറ്റുപുറം ജംഗ്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അനുശോചിച്ചു.

Print Friendly, PDF & Email

Leave a Comment

More News