ന്യൂയോർക്ക്: കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വില മനസ്സിലാകൂ. കാലില്ലാത്തവർക്കേ കാലിന്റെ വില മനസ്സിലാകൂ. ആരോഗ്യമുള്ളപ്പോൾ രണ്ടുകാലുകളും ഉപയോഗിച്ച് അനായാസം നടന്നു കൊണ്ടിരുന്നവർക്ക് ഒരുനാൾ അപ്രതീക്ഷിതമായ അപകടത്തിലോ ഏതെങ്കിലും രോഗകാരണത്താലോ കാലുകൾ നഷ്ടപ്പെട്ടാൽ അവർ അനുഭവിക്കുന്ന നരകയാതന എത്രയെന്ന് പറഞ്ഞറിയിക്കണ്ടല്ലോ. എന്നാൽ കണ്ണും കാലും ഉള്ളവർക്ക് അത് ഇല്ലാത്തവരെ സഹായിക്കുവാൻ ഒരു പരിധി വരെ സാധിക്കും എന്നതാണ് യാഥാർഥ്യം. അതിനു സഹായിക്കുവാനുള്ള ഒരു മനസ്സ് മാത്രം മതി. സഹായ മനസ്ഥിതി ഉള്ളവർ തങ്ങൾ നൽകുന്ന സഹായം അർഹതപ്പെട്ടവർക്കു തന്നെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ എങ്ങനെ സാധിക്കും എന്ന് ആശങ്കപ്പെടുന്നുണ്ടാകാം. അതിന് ഉത്തരം നൽകിക്കൊണ്ടുള്ള അവസരമാണ് “ലൈഫ് ആൻഡ് ലിംബ്‌സ്” എന്ന സ്ഥാപനം കൃത്രിമ കാൽ നിർമ്മിച്ച് നൽകുന്ന പ്രവർത്തിയിൽ മുഴുവനായോ ഭാഗീകമായോ പങ്കാളികളാകുവാൻ അവസരം ഒരുക്കുന്നത്.
ന്യൂയോർക്കിൽ താമസിക്കുന്ന ജോൺസൺ ശാമുവേൽ (റെജി) എന്ന മനുഷ്യ സ്‌നേഹി കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിൽ കാലുകൾ നഷ്ടപ്പെട്ടവരെ പരസഹായം കൂടാതെ നടക്കുവാൻ സഹായകരമായ കൃത്രിമ കാലുകൾ നൽകുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷമായി ഇരുന്നൂറിലധികം വ്യക്തികൾക്ക് ചലന ശേഷി നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ചതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലുമാണ് അത് സാധ്യമാക്കിയത്. അതിനായി “ലൈഫ് ആൻഡ് ലിംബ്‌സ്” (Life and Limbs) എന്ന സ്ഥാപനം തൻറെ ജന്മദേശമായ മാവേലിക്കര വെട്ടിയാറ്റിൽ പൈതൃകമായി ലഭിച്ച സ്വന്തം സ്ഥലത്ത് സ്ഥാപിക്കുവാനും അനേകർക്ക് അതിലൂടെ സഹായം നൽകുവാനും നേരിട്ട് പ്രവർത്തിക്കുന്നു. പത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഡിസംബർ 21 ശനിയാഴ്ച കാലുകൾ നഷ്ട്ടപ്പെട്ട നൂറ് പേർക്ക് വെട്ടിയാറ്റിൽ വച്ച് കൃത്രിമക്കാലുകൾ നൽകുവാനുള്ള തയ്യാറെടുപ്പിലാണ്. അതിൽ പതിനഞ്ചു പേർ രണ്ടു കാലുകളും നഷ്ടപ്പെട്ടവരാണ്. അവർക്കു ആകെ നൂറ്റിപ്പതിനഞ്ച് കൃതിമക്കാലുകൾ നൽകുക എന്നതാണ് ഈ വർഷത്തെ പദ്ധതി.
കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന ജർമനിയിലെ ഓട്ടോബുക്ക് എന്ന കമ്പനി ലോകോത്തര നിലവാരത്തിൽ നിർമ്മിക്കുന്ന കൃത്രിമക്കാലുകളാണ് അർഹതപ്പെട്ടവർക്ക് റെജി നൽകുന്നത്. ഏറ്റവും ഉന്നത ശ്രേണിയിലുള്ള അവയവങ്ങൾ ആയതിനാലും ശരീര ഭാരം മുഴുവൻ താങ്ങി ബാലൻസ് തെറ്റാതെ അനായാസം നടക്കുവാൻ സഹായിക്കുന്ന ഈടുറ്റ കൃത്രിമ കാലുകളാണ് എന്നതിനാലുമാണ് കുറെ നാളത്തെ അന്വേഷണത്തിന് ശേഷം ഓട്ടോബുക്കിന്റെ ഉൽപ്പന്നം തെന്നെ തെരഞ്ഞെടുത്തത്. ക്വളിറ്റിയുള്ള കൃത്രിമ അവയവം ആയതിനാൽ തന്നെ ഒരു കൃതിമക്കലിന് ഏകദേശം രണ്ടു ലക്ഷം രൂപക്കടുത്താണ് (2000 ഡോളർ) ചെലവ് വരുന്നത്. നൂറ്റിപ്പതിനഞ്ച് കാലുകൾ നൽകേണ്ടതിനാൽ 230,000 ഡോളർ (രണ്ട് ലക്ഷത്തി മുപ്പതിനായിരം ഡോളർ) ആണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട അംഗവൈകല്യമുള്ളവർ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരും തികച്ചും യോഗ്യരുമായവർ ആയതിനാൽ എല്ലാവർക്കും സൗജന്യമായാണ് കാലുകൾ നൽകുന്നത്.
അംഗവൈകല്യം സംഭവിച്ച ഹതഭാഗ്യരുടെ ജീവിതാവസ്ഥയും ലൈഫ് ആൻഡ് ലിംബ് എന്ന സ്ഥാപനത്തിൽ നിന്നും ഇതിനു മുൻപ് കൃത്രിമ കാലുകൾ ലഭിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ജീവിത കഥകളും മനസ്സിലാക്കുന്നതിന് ധാരാളം പേർക്ക് താൽപ്പര്യമുണ്ട്. അത് മനസ്സിലാക്കി അത്തരം മനുഷ്യരെ സമൂഹത്തിൽ പരിചയപ്പെടുത്തുന്നതിനു റെജി ഒരു ഡിന്നർ പ്രോഗ്രാം അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. 2013 ഏപ്രിൽ 15-ന് 117-മത് ബോസ്റ്റൺ മാരത്തോൺ ബോംബ് സ്ഫോടനത്തിൽ കാലുകൾ നഷ്ടപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നോർഡെൻ സഹോദരങ്ങൾ ജെ.പി, പോൾ അവരുടെ മാതാവ് ലിസ് എന്നിവർ അവരുടെ ജീവിത കഥകൾ പങ്ക് വെക്കുന്നതിന് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരുടെ ജീവിത കഥ നേരിട്ട് മനസ്സിലാക്കുന്നതിന് ഈ പരിപാടി ഉപയോഗപ്രദമാണ്. ആഗസ്റ്റ് മാസം 4-ന് ഞായറാഴ്ച വൈകിട്ട് 6 മണിയ്ക്ക് ബെത്‌പേജിലുള്ള സ്റ്റെർലിങ് ബാങ്ക്വറ്റ് ഹാളിൽ (The Sterling Banquet Hall, 345 Hicksville Road, Bethpage. NY) നടത്തപ്പെടുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവരെ അതിലേക്ക് ക്ഷണിക്കുന്നു. സ്ഥല പരിമിതി മൂലം ഡിന്നർ മീറ്റിംഗിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളെ പരിമിതപ്പെടുതുന്നതിന് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യുവാൻ താൽപ്പര്യമുള്ളവർക്ക് www.lifeandlimbs.org/rsvp എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : ജോണ്‍സണ്‍ സാമുവേല്‍ 646-996-1692, അജിത് എബ്രഹാം കൊച്ചൂസ് 516-225-2814, ബിജു ചാക്കോ 516-996-4611.