സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി അന്വേഷണമില്ലാതെ ജമ്മു കശ്മീരില്‍ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ജമ്മു കശ്മീരിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് രണ്ട് പോലീസുകാരടക്കം നാല് സർക്കാർ ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 311 (2) (സി) പ്രകാരമാണ് ജീവനക്കാരെ ഉടൻ പ്രാബല്യത്തിൽ വരാവുന്ന തരത്തില്‍ പിരിച്ചുവിട്ടത്.

പുതിയ ഉത്തരവിൽ, ഹന്ദ്വാരയിലെ സീനിയർ ഗ്രേഡ് കോൺസ്റ്റബിൾ മുഷ്താഖ് അഹമ്മദ് പീർ, ദക്ഷിണ കശ്മീരിലെ ട്രാലിലെ ഗാംരാജ് ഗ്രാമത്തിലെ പോലീസ് കോൺസ്റ്റബിൾ ഇംതിയാസ് അഹമ്മദ് ലോൺ, ഖുർഹാമ ഗ്രാമത്തിലെ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ അസിസ്റ്റൻ്റ് ബാസിൽ എന്നിവരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലയിലെ ബസ്ഗ്രാൻ ഗ്രാമത്തിലെ ഗ്രാമവികസന വകുപ്പിലെ ഗ്രാമതല തൊഴിലാളിയായ മുഹമ്മദ് സായിദ് ഷാ എന്നിവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

ആർട്ടിക്കിൾ 311 (2) (സി) ഒരു സർക്കാർ ജീവനക്കാരനെ അന്വേഷണമില്ലാതെ പിരിച്ചുവിടാൻ അനുവദിക്കുന്നു. ജമ്മു കശ്മീരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 64 സർക്കാർ ജീവനക്കാരെയാണ് ഇത്തരത്തിൽ പിരിച്ചുവിട്ടത്. ഈ നീക്കത്തെ താഴ്‌വരയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വിമർശിച്ചു.

നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി ഒന്നരമാസം പിന്നിടുമ്പോഴാണ് പിരിച്ചുവിടൽ സംബന്ധിച്ച ഏറ്റവും പുതിയ സംഭവം പുറത്തായത്. ജൂൺ എട്ടിന് രണ്ട് പോലീസുകാരെയും, ജലശക്തി വകുപ്പിലെ ഒരു അസിസ്റ്റൻ്റ് ലൈൻമാനെയും, ഒരു റഹ്‌ബർ-ഇ-തലീം ടീച്ചറെയും സർക്കാർ പിരിച്ചുവിട്ടിരുന്നു.

മെയ് അവസാന വാരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു, “കശ്മീരിൽ ആരെങ്കിലും തീവ്രവാദ സംഘടനയിൽ ചേരുകയാണെങ്കിൽ, അയാളുടെ കുടുംബത്തിനെതിരെ ഞങ്ങൾ തീരുമാനമെടുക്കും. അംഗങ്ങൾക്ക് സർക്കാർ ജോലി ലഭിക്കില്ല. അതുപോലെ ആരെങ്കിലും കല്ലെറിഞ്ഞാൽ അയാളുടെ കുടുംബാംഗങ്ങൾക്കും സർക്കാർ ജോലി ലഭിക്കില്ല.”

ഷായുടെ പ്രസ്താവനയെ ജമ്മു കശ്മീരിലെ ജനങ്ങൾക്കുള്ള ‘കൂട്ടായ ശിക്ഷ’ എന്നാണ് മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡൻ്റുമായ മെഹബൂബ മുഫ്തി വിശേഷിപ്പിച്ചത്.

“ഞങ്ങളെ ശിക്ഷിക്കാൻ അവർക്ക് ഒരു ഒഴികഴിവ് മതി. ഞങ്ങൾക്ക് പുതിയ ജോലികൾ നൽകുന്നതിന് പകരം, തെളിവുകളോ
വിചാരണയോ ഇല്ലാതെ സാങ്കൽപ്പിക കാരണങ്ങളാൽ അവർ ഞങ്ങളുടെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ എല്ലാ റിക്രൂട്ട്‌മെൻ്റ് പ്രക്രിയകളും അഴിമതികളാൽ ചുറ്റപ്പെട്ട് റദ്ദാക്കപ്പെട്ടു. ഇതുമൂലം കഠിനാധ്വാനികളായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ ഇല്ലാതായി. ചുരുക്കത്തിൽ, അവർ (കേന്ദ്ര സർക്കാർ) ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കൂട്ട ശിക്ഷയാണ് നൽകുന്നത്. ബലാത്സംഗികളും കൊലപാതകികളും മറ്റ് കുറ്റവാളികളും അവർക്കായി രാജ്യമെമ്പാടും പ്രചാരണം നടത്തുന്നു, നമ്മുടെ നിരപരാധികൾ ജയിലുകളിൽ ചീഞ്ഞഴുകുകയാണ്,” മെഹബൂബ മുഫ്തി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News