ഡാലസ്: ആഗോള സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ സീനിയര്‍ മോസ്റ്റ് മലയാളി വൈദീകനും സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിന്റെ ആരംഭകനുമായ റവ. ഫാ. ജോണ്‍ മേലേപ്പുറത്തിനെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികള്‍ ആദരിച്ചു.
1993ല്‍ കേരളത്തിലെ ഇരിഞ്ഞാലക്കൂട രൂപതയില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ ഡിട്രോയിറ്റിലുള്ള ഇംഗ്‌ളീഷ് ദേവാലത്തില്‍ വൈദീക ശുശ്രൂഷയാരംഭിച്ച ഫാ. മേലേപ്പുറം ഡാലസ്, മയാമി, ഫിലഡല്‍ഫിയ, ഡെല്‍വെയര്‍, ന്യൂജേഴ്‌സി തുടങ്ങിയ കാത്തലിക് ദേവാലങ്ങളില്‍ വികാരിയായി സേവമനുഷ്ടിച്ചിട്ടുണ്ട്.
കരോള്‍ട്ടനിലെ ഒരു വിയറ്റ്‌നാമി കാത്തലിക് ദേവാലയത്തില്‍ 2001, മെയ് 20 ഞായറാഴ്ച 3 മണിക്ക് 72 കുടുംബങ്ങളുടെ ആത്മീയവും സാംസ്‌ക്കാരികവുമായ വികാസത്തിനും സാമുദായിക ഐക്യത്തിനുമായി ഫാ മേലേപ്പുറം അര്‍പ്പിച്ച പ്രഥമ ദിവ്യബലിയുടെ ഒടുവില്‍ ഇന്ന് 900 കുടുംബങ്ങള്‍ അംഗങ്ങളായുള്ള നോര്‍ത്ത് അമേരിക്കയില ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായി വി. അല്‍ഫോണ്‍സാമ്മ സീറോ മലബാര്‍ കാത്തലിക് ദേവാലയം രൂപപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം ഈ ദേവാലയത്തിന്റെ കീഴില്‍ സമീപപ്രദേശമായ ഫ്രിസ്‌ക്കോയില്‍ ഒരു സ്റ്റേഷന്‍ കുര്‍ബാനയും ആരംഭിച്ചിട്ടുണ്ട്.
ഒരു കാലഘട്ടം മുഴുവന്‍ കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കുമായി ജീവിതം സമര്‍പ്പിച്ച് ആകുലതയോടെ ജീവിക്കുന്ന വൃദ്ധജനങ്ങളോടും യുവാക്കളോടും , വിദ്യാര്‍ത്ഥികളോടും കുട്ടികളോടും സൗമ്യമനസോടെ ഇടപെടുന്ന ഫാ. മേലേപ്പുറത്തിന്റെ വൈദീകജീവിതം ക്രിസ്തുവിന്റെ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമാണ്
ചടങ്ങില്‍ അസി. വികാരി റവ. ഫാ. ജിമ്മി എടക്കളത്തൂര്‍, ജോജോ കോട്ടയ്ക്കല്‍, അജോമോന്‍ ജോസഫ്, രാജേഷ് ജോര്‍ജ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.