ന്യൂയോർക്ക്: ഫോമാ മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് ആയി ജെസ്‌വിൻ സാമുവേൽ മത്സരിക്കുന്നു. ന്യൂയോർക്കിൽ പ്രൊഫഷണൽ എഞ്ചിനീയർ ആയി പ്രവർത്തിക്കുന്ന ജെസ്‌വിൻ ഫോമായുടെ ആരംഭകാലം മുതലുള്ള സജീവ പ്രവർത്തകനാണെങ്കിലും ഇതുവരെ ഒരു മത്സര രംഗത്തേക്ക് വന്നിട്ടില്ല. സ്ഥാനമാനങ്ങൾക്കു പിറകേ പോകുവാൻ തികച്ചും വിമുഖത കാണിക്കുന്ന ജെസ്‌വിൻ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. സ്ഥാനമാനങ്ങൾ ഒന്നും ഇല്ലെങ്കിലും തന്നാലാകും വിധം മറ്റുള്ളവരെ സഹായിക്കണം എന്ന മനഃസ്ഥിതിയുള്ള ജെസ്‌വിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ ഇന്ത്യൻ അമേരിക്കൻ മലയാളീ അസ്സോസ്സിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് (IAMALI) എന്ന സംഘടനയാണ് അദ്ദേഹത്തെ ഫോമായുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ആർ.വി.പി ആയി മത്സരിക്കുവാൻ എൻഡോഴ്സ് ചെയ്തത്. ദീർഘ വർഷമായി IAMALI-യുടെ അംഗമാണെങ്കിലും ഇതുവരെ പ്രസ്തുത സംഘടനയിലും പ്രത്യേക സ്ഥാനം ഒന്നും ഏറ്റെടുക്കുവാൻ വ്യഗ്രത കാണിച്ചിട്ടില്ല. എന്നാൽ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും അകമഴിഞ്ഞു സഹായം നൽകിവരുന്നു.
ജെസ്‌വിനും ഭാര്യ ശാലി സാമുവേലും പ്രൊഫഷണൽ എൻജിനീയർമാരായതിനാൽ രണ്ടു പേരും ചേർന്ന് ഗവണ്മെന്റ് കോൺട്രാക്ട് വർക്കുകൾ ചെയ്യുന്നതിനായി ഹിമാ ഗ്രൂപ്പ് (Hima Group) എന്ന ഒരു എൻജിനീയറിങ് കൺസൽട്ടൻറ് സ്ഥാപനം വർഷങ്ങളായി നടത്തി വരുന്നു. സ്റ്റേറ്റിന്റെയും സിറ്റിയുടെയും എം.ടി.എ-യുടെയും വിവിധ കോൺട്രാക്ട് വർക്കുകൾ ഹിമാ ഗ്രൂപ്പിലൂടെ ചെയ്യുന്നു. ജെസ്‌വിൻറെ പ്രവർത്തനങ്ങൾ ഫോമായ്ക്ക് മുതൽക്കൂട്ടാകും എന്ന് മനസ്സിലാക്കിയ IAMALI-യുടെ കമ്മറ്റിയും മറ്റ് പല സംഘടനയിലെ ചുമതലക്കരും പ്രത്യേക താല്പര്യത്തിലാണ് മെട്രോ റീജിയൻറെ വൈസ് പ്രസിഡന്റായി മത്സര രംഗത്തേക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. ഫോമാ മെട്രോ റീജിയന്റെ ഫണ്ട് റൈസിംഗിൽ ഗോൾഡ് സ്പോൺസറായും, ഈ വർഷം ആഗസ്ത് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിൽ നടക്കുന്ന നാഷണൽ കൺവെൻഷനിൽ പ്ലാറ്റിനം സ്പോൺസർ ആയും ഫോമായേ വളരെയധികം സഹായിച്ചുകൊണ്ടിരിക്കുന്നു.
സി.എസ്.ഐ. സഭയുടെ നോർത്ത് അമേരിക്കൻ കൗൺസിൽ അല്മായ സെക്രട്ടറിയായി ഇപ്പോൾ പ്രവൃത്തിക്കുന്ന ജെസ്‌വിൻ സീഫോർഡ് സി.എസ്.ഐ. പള്ളിയുടെ ട്രസ്റ്റീ ബോർഡ് അംഗമായും സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻറെ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലത്ത് വിവിധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനത്തിൽ വ്യാപൃതനാകുകയായിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്നും എം.ബി.എ.യും കരസ്ഥമാക്കി ജോലി സംബന്ധമായി അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NYIT) നിന്നും ഇലെക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീറിങ്ങിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുവാൻ ഉതകുന്ന പ്രൊഫഷണൽ എഞ്ചിനീയർ ലൈസൻസ് ലഭിച്ചതിനു ശേഷം എഞ്ചിനീയറിംഗ് കൺസൾട്ടിങ് കമ്പനി രൂപീകരിച്ചു. ഓർത്തഡോക്സ് സഭയിലെയും, മാർത്തോമ്മാ സഭയിലെയും സി.എസ്.ഐ. സഭയിലെയും ധാരാളം പള്ളികൾക്കു സൗജന്യമായി രൂപകല്പന ചെയ്‌തു നൽകിയിട്ടുണ്ട്. അമേരിക്കയിലെത്തിയതിന് ശേഷം H1B വിസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
തികച്ചും സൗമ്യനും മിതഭാഷിയുമായ ജെസ്‌വിൻ നല്ലൊരു പ്രാസംഗികനും സംഘാടകനുമാണ്. ഉന്നത വിദ്യാഭ്യാസവും നേതൃത്വ പാടവും സഹായമനസ്കതയും എല്ലാവരോടും സ്നേഹപൂർവ്വം ഇടപെടുവാൻ കഴിവുമുള്ളതിനാൽ ന്യൂയോർക്ക് മെട്രോ റീജിയൻറെ വൈസ് പ്രസിഡൻറ് ആയി ഫോമായേ ഉന്നതികളിലേക്കു എത്തിക്കുവാൻ ജെസ്‌വിന് നിഷ്പ്രയാസം സാധിക്കും എന്നതിലൊട്ടും സംശയം വേണ്ടാ. ആയതിനാൽ ന്യൂയോർക്ക് മെട്രോ റീജിയണിലുള്ള എല്ലാ അംഗ സംഘടനാ പ്രതിനിധികളോടും ജെസ്‌വിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.