എടത്വ: കഴിഞ്ഞ ഒരു നൂറ്റാണ്ടായി വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശവും ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിലെ വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ ഷോട്ട് പുളിക്കത്ര പരിശീലന തുഴച്ചിൽ ആരംഭിച്ചു. ഈ വർഷം നെഹ്റു ട്രോഫി ജലമേളയിൽ ഷോട്ട് പുളിക്കത്രയിൽ തുഴയെറിയുന്നത് കുമരകം സമുദ്ര ബോട്ട് ക്ലബ് ആണ്.ഈ തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി 2017 ജൂലൈ 27ന് ആണ് ഷോട്ട് പുളിക്കത്ര നീരണിഞ്ഞത്.പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിൽ കഴിയുന്ന മോളി ജോൺ (86) കേക്ക് മുറിച്ച് 7-ാം നീരണിയൽ വാർഷികം ആഘോഷിച്ചു.
തറവാട്ടിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിജു ജോർജ് മുളപ്പൻച്ചേരിൽ ഉദ്ഘാടനം ചെയ്തു. ഷോട്ട് ഗ്രൂപ്പ് മാനേജർ റജി എം. വർഗ്ഗീസ് മാലിപ്പുറം,സന്തോഷ് ഈപ്പൻ ജോൺ കണ്ടത്തിൽ, എലിസബേത്ത് ചാണ്ടി എന്നിവർ പ്രസംഗിച്ചു. സമുദ്ര ബോട്ട് ക്ലബ് പ്രസിഡന്റ് അഭിലാഷ് രാജ് തോട്ടുപുറം, സെക്രട്ടറി ഷാമിൽ ഷാജി തോപ്പിൽ എന്നിവർക്ക് പങ്കായവും ഒന്നാ തുഴയും കൈമാറി. ചടങ്ങിൽ മോളി ജോളിനെ ആദരിച്ചു.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. നീലകണ്ഠൻ ആചാരിയായിരുന്നു ശില്പി.
1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാൽ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. പിന്നീട് ഷോട്ട് എന്ന ഓമനപേരിൽ പുളിക്കത്ര വള്ളം അറിയപെടുവാൻ തുടങ്ങി.
വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. പാണ്ടങ്കരി സെൻറ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ആണ് 4 ഹാട്രിക് ഉൾപെടെ 16 തവണയോളം വിജയം ഉറപ്പിച്ചത്.കോയിൽമുക്ക് നാരായണൻ ആചാരിയായിരുന്നു ശില്പി.2001ൽ ഉമാ മഹേശൻ ശില്പിയായി നിർമ്മിച്ച വള്ളമാണ് ‘ജെയ് ഷോട്ട് ‘.
ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി.