കേരളത്തിലെ വീടുകളെപ്പറ്റി “ആർക്കും വേണ്ടാത്ത താജ്മഹൽ ” എന്ന പേരിൽ എന്റെ ഒരു ലേഖനം കലാകൗമൂദിയുടെ കവർ പേജിൽ വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എനിക്ക് കുറെ കൂട്ടുകാരുടെ കത്തുകൾ കിട്ടിയിരുന്നു. വലിയവീട് എന്ന ആശയം ഉപേക്ഷിച്ചു എന്നൊക്കെ അന്നവർ പറഞ്ഞിരുന്നു. പലരും വീടുപണി തന്നെ വേണ്ടെന്നു വെച്ചുവെന്നും
സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഈ സന്ദർശനത്തിലും കേരളത്തിൽ വെറുതെ കിടക്കുന്ന മണിമാളികകളുടെ എണ്ണം എന്നെ അത്ഭുതപ്പെടുത്തി. എന്റെ ലേഖനം വായിച്ച ഒരു കൊട്ടുകാരൻ യു കെയിൽ നിന്നുള്ള ബോബി ജോർജ് അന്ന് എന്നെ വിളിച്ചിരുന്നു. ഞാൻ സിവിൽ എഞ്ചിനീയർ കൂടിയാണന്നറിയാവുന്ന ബോബി എന്നോടു തന്നെ പ്ലാൻ തയ്യാറാക്കണമെന്ന് നിർബന്ധിച്ചു. വരയ്ക്കാനൊക്കെ ഇഷ്ടമാണെങ്കിലും, ഞാൻ ആ പണിയൊക്കെ പണ്ടേ നിർത്തിയിരുന്നു. എന്നാലും, സഹായിക്കാമെന്നു പറഞ്ഞു. ഒരു കൊച്ചു വീട് എന്ന ആശയത്തോട് ബോബിയും പൂർണമായി യോജിച്ചു. അതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു വീട് എന്റെ നിർദ്ദേശപ്രകാരം തന്നെ ചെയ്തത്.
ഒറ്റ നിലയിൽ (Ranch style ) മൂന്നു മുറിയുള്ള ഒരു കൊച്ചുവീട്, സ്ഥലമുള്ളവർക്ക് അതുതന്നെയാണ് അഭികാമ്യം എന്നു തന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം.
പന്ത്രണ്ടാം ക്ലാസ്സും കഴിഞ്ഞു പറക്കപറ്റുന്ന കുട്ടികളാണ് ഇന്ന് കേരളത്തിൽ ബഹുഭൂരിപക്ഷവും. അതും ഗൾഫ് രാജ്യങ്ങളും വിട്ട് വിദേശത്തേക്കാണ് എന്നതുകൂടി ഓർക്കണം. അവർക്ക് വല്ലപ്പോഴും വന്ന്, ഏറിയാൽ രണ്ടാഴ്ച താമസിക്കാൻ എന്തിനാണ് അഞ്ചു മുതൽ എട്ടു മുറി വരെയുള്ള ഒരു മണിമാളിക? ഒരുമയുണ്ടെങ്കിൽ ഒലക്കേലും കിടക്കാമെന്നല്ലെ ചൊല്ല്! ഇരുനില കെട്ടിടമാണ് മറ്റൊരു ദുരന്തം. കൂടുതൽ പേരും ഇഷ്ടപ്പെടുന്നതും അതുതന്നെയാണ് എന്നതാണ് വിചിത്രം. മുറികളുടെ എണ്ണം ക്കുടുമ്പോള്‍ സ്ഥലപരിമിതിയും ഒരു പ്രശ്നമാണ്. അതുകൊണ്ടു കൂടിയായിരിക്കണം ഇരുനില വീട് എന്ന ആശയത്തിൽ എത്തുന്നത്.
പ്രായം ചെന്ന മാതാപിതാകൾ ഒരിക്കലും മുകളിലത്തെ നിലയിലേക്കു കയറാറില്ല എന്നാണ് പലവീടുകളും സന്ദർശിച്ചപ്പോൾ എനിക്ക് നേരിട്ടറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യങ്ങളും മുട്ടുവേദനയും മറ്റെന്തെങ്കിലും രോഗങ്ങളും ഒക്കെ അതിനൊരു കാരണവുമാണ്.
കേരളത്തിൽ 16 ലക്ഷം വീടുകളാണ് ഇപ്പോൾ ആളില്ലാതെ കിടക്കുന്നതെന്നാണ് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾപിന്നെ ആളു കയറാതെ കിടക്കുന്ന രണ്ടാമത്തെ നിലയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനെല്ലാം പുതിയ നികുതി ഈടാക്കുന്നുവെന്ന വാർത്തയും കേട്ടു. അതുകൊണ്ടൊന്നും നാട്ടിൽ ഒരു മാളിക എന്ന ആശയം പ്രവാസികൾ ഉപേക്ഷിക്കുമെന്നു തോന്നുന്നില്ല. പണി ചെയ്ത് കാശു കൊണ്ടുപോകുന്നതോ അന്യസംസ്ഥാനക്കാരും. പലപ്പോഴും ഒന്നാന്തരം അറയും പുരയുമുള്ള തറവാടുകൾ പൊളിച്ചു കളഞ്ഞിട്ടാണ് ഈ കോൺക്രീറ്റ് സൗധങ്ങൾ പണിയുന്നത് എന്നതാണ് ആവിശ്വസനീയം. ആ പൊളിച്ചു പണികളിലൂടെ നമ്മുടെ ഗ്രഹാതുരത്തിന്റെ എത്രയെത്ര ഓർമകളാണ് ഇല്ലാതെയാകുന്നത് എന്നതൊന്നും ആരും ചിന്തിക്കുന്നതേയില്ല.
രണ്ടു ദിവസം മുൻപ് പുതിയ കൊച്ചുവീട്ടിലേക്കു താമസം മാറ്റിയ ബോബി ജോർജിനും കുടുബത്തിനും എന്റെ എല്ലാവിധ ആശംസകളും.
എന്റെ “ആർക്കും വേണ്ടാത്ത തജ്‌മാഹൽ ” ഇനിയും വായിക്കാത്തവർ ഉണ്ടെങ്കിൽ പി ഡി എഫ് ആയി ആവശ്യപ്പെടുന്നവർക്ക് അയച്ചുതരുന്നതായിരിക്കും.