നാഷ്‌വില്ലെ: റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്, നാഷ്‌വില്ലെയിൽ നടന്ന ബിറ്റ്‌കോയിൻ കോൺഫറൻസിനെ അഭിസംബോധന ചെയ്യവെ, താൻ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ, അതായത് യുഎസ് പ്രസിഡൻ്റായാൽ, വരും ദിവസങ്ങളിൽ അമേരിക്ക ക്രിപ്‌റ്റോയുടെ തലസ്ഥാനമായി മാറുമെന്ന് പറഞ്ഞു. രണ്ട് ലളിതമായ വാക്കുകൾ കാരണമാണ് താൻ ഇന്ന് ബിറ്റ്കോയിൻ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യാൻ വന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്ക ഫസ്റ്റ് നമ്മൾ ഇത് ചെയ്തില്ലെങ്കിൽ ചൈനയും മറ്റ് രാജ്യങ്ങളും അത് ചെയ്യും. അതുകൊണ്ട് നമുക്കത് ആദ്യം ചെയ്യണം, അദ്ദേഹം പറഞ്ഞു.
ക്രിപ്‌റ്റോ കറൻസി ഭാവിയെ നിർവചിക്കാൻ പോകുകയാണെങ്കിൽ അത് യുഎസിൽ ഖനനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ബിറ്റ്കോയിൻ എന്നാൽ സ്വാതന്ത്ര്യം, പരമാധികാരം, സർക്കാരിൽ നിന്നുള്ള സ്വാതന്ത്ര്യം, സമ്മർദ്ദം, നിയന്ത്രണം എന്നിവയാണെന്ന് ട്രംപ് പറഞ്ഞു. പ്രസിഡൻ്റായി ചുമതലയേൽക്കുന്ന ആദ്യ ദിവസം തന്നെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ചെയർമാൻ ഗാരി ജെൻസ്‌ലറെ തൽസ്ഥാനത്ത് നിന്ന് നീക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ഗാരിയെ ട്രഷറി സെക്രട്ടറിയാക്കാനാണ് കമല ഹാരിസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ ചോക്ക് പോയിൻ്റ് 2.0 അവസാനിപ്പിക്കുമെന്നും ബിറ്റ്‌കോയിനും ക്രിപ്‌റ്റോയ്‌ക്കുമായി ഒരു കൗൺസിൽ രൂപീകരിക്കുമെന്നും ട്രംപ് പറഞ്ഞു. വിശിഷ്ടാതിഥിക്കായി കാത്തിരിക്കുകയാണെന്ന് ആതിഥേയൻ പറഞ്ഞപ്പോള്‍ അത് എലോൺ മസ്‌ക് ആയിരിക്കുമെന്ന് ആളുകൾ ഊഹിച്ചു. തൻ്റെ പ്രസംഗത്തിൽ എലോൺ മസ്‌കിനെയും ഇലക്‌ട്രിക് കാറുകളെയും കുറിച്ച് ട്രംപ് പരാമർശിച്ചു. അധികം ദൂരം ഓടിക്കാന്‍ കഴിയാത്ത ചൈനയിൽ നിർമ്മിച്ച ഇലക്ട്രിക് കാർ എല്ലാവർക്കും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് എലോൺ മസ്‌കിനെ ഇഷ്ടമാണ്, അദ്ദേഹത്തിൻ്റെ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു. എനിക്ക് ഇലക്‌ട്രിക് കാറുകളും ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ കാർ മികച്ചതാണെന്ന് ഞാൻ കരുതുന്നു, പക്ഷേ എല്ലാവരും അങ്ങനെയല്ല.
ബിറ്റ്‌കോയിനിലും ക്രിപ്‌റ്റോയിലും സംഭാവനകൾ സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റുകൾ വിജയിച്ചാൽ നിങ്ങളെല്ലാവരും ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു. അവർ ക്രൂരന്മാരായിരിക്കും. റിപ്പബ്ലിക്കൻമാർക്ക് വൻ വിജയം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കമലാ ഹാരിസ് ജോ ബൈഡനേക്കാൾ മോശമാണ്, അവര്‍ ഒരു മതഭ്രാന്തിയാണ്, ഭ്രാന്താണ്, അവര്‍ ക്രിപ്റ്റോയ്ക്ക് എതിരാണ്. ഇപ്പോൾ അൽപ്പം ഹണിമൂൺ പിരീഡ് നടക്കുകയാണ്.
ട്രംപ് പ്രസിഡൻ്റാകുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് വിപണികൾ കുതിച്ചുയരുന്നതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് നന്നായി ചൈനീസ് സംസാരിക്കാൻ അറിയാവുന്ന ഒരു കൊച്ചുമകളുണ്ടെന്ന് ട്രംപ് പറഞ്ഞു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ? എന്നാല്‍, ചൈനീസ് സംസാരിക്കാന്‍ നിങ്ങള്‍ ചൈനയിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.