വാഷിംഗ്ടൺ: വ്യോമിംഗ് സ്റ്റേറ്റിലെ ഒരു വിദൂര പ്രദേശത്ത് വെള്ളിയാഴ്ച നടന്ന വിമാനാപകടത്തില്‍ ഗോസ്പൽ മ്യൂസിക് ഹാൾ ഓഫ് ഫെയിമിലെ അംഗങ്ങളായ നെലോൺസിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു.
ഒരു സംഗീത പരിപാടിക്കായി അലാസ്കയിലേക്ക് പോകുകയായിരുന്ന സംഘത്തിന്റെ സ്വകാര്യ ജെറ്റ് ആണ് തകര്‍ന്നത്. ഇടിയുടെ ആഘാതത്തിൽ കാട്ടുതീ പടർന്നു. അപകടത്തെ തുടർന്ന് വനത്തിലും തീ പടർന്നിട്ടുണ്ട്. വടക്കുകിഴക്കൻ വ്യോമിംഗിലെ വിദൂര വനമേഖലയിലാണ് ഈ വിമാനം തകർന്നതെന്നാണ് റിപ്പോർട്ട്. വ്യോമിംഗിലെ ഗില്ലറ്റ് നഗരത്തിൻ്റെ വടക്കൻ ഭാഗത്താണ് ഈ വിമാനം അപകടത്തിൽപ്പെട്ടത്.
ഇരകളില്‍ ജേസൺ നെലോൺ ക്ലാർക്ക്, കെല്ലി നെലോൺ ക്ലാർക്ക്, അവരുടെ മകൾ ആംബർ നെലോൺ കിസ്ലർ എന്നിവരും ഉൾപ്പെടുന്നു.
ആംബറിൻ്റെ ഭർത്താവ് നഥാൻ കിസ്ലർ, കുടുംബത്തിൻ്റെ സഹായി മെലോഡി ഹോഡ്ജസ്, പൈലറ്റ് ലാറി ഹെയ്നി, ഭാര്യ മെലിസ എന്നിവരും അപകടത്തിൽ മരിച്ചു.
മരിച്ചവരിൽ ജോർജിയയുടെ ബോർഡ് ഓഫ് കറക്ഷൻസ് ചെയർമാനും ഉൾപ്പെടുന്നു. അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹെയ്നി എൻ്റർപ്രൈസസിൻ്റെ ഉടമസ്ഥതയിലുള്ള പിലാറ്റസ് പിസി-12/47ഇ വിമാനമാണെന്ന് തിരിച്ചറിഞ്ഞു. കാംബെൽ കൗണ്ടി വക്താവ് ലെസ്ലി പെർകിൻസിൻ്റെ പ്രസ്താവന പ്രകാരം, ഗില്ലറ്റിന് വടക്ക്, ചെയെനിന് 250 മൈൽ വടക്ക്, വ്യോമിംഗിലെ ക്യാമ്പ്ബെൽ കൗണ്ടിയിൽ ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടമുണ്ടായത്.
അപകടസ്ഥലത്തിന് സമീപം അന്തരീക്ഷത്തിൽ പുക ഉയരുന്നത് കണ്ട് ആളുകൾ പ്രാദേശിക ഭരണകൂടത്തെ ഫോണിൽ വിവരമറിയിച്ചതായി അദ്ദേഹം പറഞ്ഞു. വിമാനാപകടത്തെ തുടർന്ന് വനത്തിൽ വൻ തീപിടിത്തമുണ്ടായതായി അധികൃതർ പറഞ്ഞു.