ഞാനൊരു സാധാരണ മനുഷ്യനാണ്. ന്യൂയോര്‍ക്ക് സിറ്റിക്കുവേണ്ടി പത്തുമുപ്പത് കൊല്ലം വിടുപണി ചെയ്തതിനുള്ള പെന്‍ഷനും, അമേരിക്കന്‍ സര്‍ക്കാർ മുടങ്ങാതെ നല്‍കുന്ന സോഷ്യല്‍ സെക്യൂരിറ്റിയുമാണ് വരുമാന മാര്‍ഗം. പലവിധ രോഗങ്ങള്‍ വിടാതെ പിടികൂടിയതിനാല്‍ ആരോഗ്യസ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. ആരെങ്കിലും നല്ലൊരു തള്ളു തന്നാല്‍ തീരാവുന്നതേയുള്ളൂ ‘ഈ
മനോഹര തീരത്തെ’ എന്റെ ജീവിതം. താളുകള്‍ ദ്രവിച്ചു തുടങ്ങിയ, ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിട്ടുള്ള, ഒരു പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങുന്നു എന്റെ വിദ്യാഭ്യാസ യോഗ്യത. പേരിനു മുന്നിലും പിന്നിലും തൂക്കിയിട്ടുകൊണ്ട് നടക്കുവാന്‍ പറ്റിയ ഒരു ‘വാഴക്കുല’ ഡോക്ടറേറ്റെങ്കിലും കരസ്ഥമാക്കുവാനുള്ള കാശൊന്നും കൈയ്യിലില്ല. പിന്നെ, ഒരു വിധത്തില്‍ അങ്ങിനെ
തട്ടീം മുട്ടീം അങ്ങു കഴിഞ്ഞുപോകുന്നു.
അങ്ങിനെ ‘പോകുന്നടത്തോളം പോകട്ടെ’ എന്നൊരു ഒഴുക്കന്‍ മട്ടില്‍ ജീവിച്ചുപോന്ന എന്റെ മുന്നില്‍ ‘ഫൊക്കാന ഇലക്‌ഷന്‍’ എന്ന ആപ്പിളുമായി സാത്താന്‍ പ്രത്യക്ഷപ്പെടുന്നു. ഒരു കാര്യവുമില്ലാതെ ഞാനതില്‍ കയറിപ്പിടിച്ചു.
“വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് കൗപീനത്തില്‍ വെച്ചവന്റെ” അവസ്ഥയായി പിന്നീട്. ഇലക്‌ഷനില്‍ തോറ്റു തുന്നംപാടിയ പാര്‍ട്ടികള്‍, ഇലക്‌ഷന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടുപോവുകയാണെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ തന്നെ പത്രസമ്മേളനത്തില്‍ പറഞ്ഞതും, സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തതും എന്റെ ശ്രദ്ധയില്‍പ്പെട്ടു. ജീവിതത്തില്‍ ഇന്നുവരെ ആര്‍ക്കും ഒരു ഉപദേശവും നല്‍കാത്ത ഞാന്‍, അനുഭവത്തിന്റെ വെളിച്ചത്തില്‍, കേസിനും വഴക്കിനുമൊക്കെ പോയാല്‍ രണ്ടു കൂട്ടര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നല്ലാതെ അതുകൊണ്ട് വലിയ പ്രയോജനം ഒന്നുമുണ്ടാകാന്‍
പോകുന്നില്ലെന്നൊരു അഭിപ്രായം രേഖപ്പെടുത്തി. എന്റെ പൊന്നോ, പിന്നത്തെ ഒരു പുകില്!
“തന്നെ സംബന്ധിക്കാത്ത അന്യരുടെ വഴക്കില്‍ ഇടപെടുന്നവന്‍ വഴിയേ പോകുന്ന ഭ്രാന്തന്‍ നായയുടെ ചെവിക്ക് പിടിക്കുന്നവന് തുല്യന്‍” എന്ന ഒരു സദൃശവാക്യത്തിന്റെ പൊരുള്‍ അപ്പോഴാണ് എനിക്ക് ശരിക്കും പിടികിട്ടിയത്.
ഞാന്‍ എഴുതിയത് വായിച്ച ഒരു വ്യക്തി, എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത് എന്ന് എന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. അതിന് ഞാന്‍ പ്രതികരിച്ചില്ല.
ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പതറിപ്പോയെന്നു കരുതിയ ആ സംസ്കാര സമ്പന്നന്‍, സമൂഹത്തിന് മാതൃകയാവേണ്ട നേതാവ്, “എന്റെ ചോദ്യത്തിന് ഉത്തരം പറയുവാന്‍ തക്ക ഉറപ്പ് തന്റെ ‘ബോള്‍സി’ന് ഇല്ല” എന്നൊരു വെല്ലുവിളി, വീണ്ടും എന്റെ ഫേസ് ബുക്ക് പേജില്‍ക്കൂടി മുഴക്കി.
കൂട്ടത്തില്‍ താനൊരു ഉന്നതകുല ജാതനാണെന്നും, ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ള വ്യക്തിയാണെന്നും, കേരളത്തില്‍ പതിനാറു കോടി വിലമതിപ്പുള്ള ഭൂമിയുടെ അവകാശിയാണെന്നും വെളിപ്പെടുത്തി. ഈ കൊച്ചു കേരളത്തില്‍ പതിനാറ് കോടി വിലവരുന്ന ഒരു വലിയ തമ്പുരാനാണല്ലോ, ‘അയാള്‍ക്ക് മാത്രമറിയാവുന്ന’ എന്റെ ബോള്‍സിന്റെ ദയനീയാവസ്ഥ മാലോകരോട് എന്റെ ഫേസ്ബുക്ക് പേജില്‍ കൂടി പരസ്യപ്പെടുത്തിയത് എന്ന സത്യമോര്‍ത്തപ്പോള്‍ സത്യമായിട്ടും, ‘കുട്ടി മാമാ… ഞാന്‍ ഞെട്ടി മാമാ…’
ഈ വാര്‍ത്ത കണ്ടപ്പോള്‍ മുതല്‍ എന്റെ ഭാര്യയ്ക്ക് എന്നോടൊരു പുച്ഛം. “അല്ലേലും താനൊരു കിഴങ്ങനാ” എന്നൊരു ഭാവം അവളുടെ മുഖത്ത് നിഴലിക്കുന്നു. നാട്ടുകാര് മൊത്തം എന്റെ ഈ ‘ബലഹീനത’ അറിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കുമൊരു വൈക്ലബ്യം. അല്ലെങ്കില്‍ തന്നെ ഒരു മൂഞ്ചാന്റെ മുഖലക്ഷണമാണ് എനിക്കുള്ളത്.
ആരും കാണാതെ ബാത്ത് റൂമില്‍ കയറി കതകടച്ച് കുറച്ച് നേരം ഞാന്‍ കരഞ്ഞു.
ഇതിനെതിരേ മാന നഷ്ടത്തിനു കേസു കൊടുത്താല്‍ പത്തു പുത്തന്‍ തടയുമോ എന്നറിയുവാന്‍, ഞാന്‍ എന്റെ വക്കീല്‍ സുഹൃത്തുക്കളായ വിനോദ് കെയാര്‍കെയേയും, മുരളി നായരേയും വിളിച്ചു ചോദിച്ചു. വക്കീലന്മാരല്ലേ, അവര്‍ കിട്ടിയ വക്കാലത്ത് വിടുമോ? വകുപ്പുകള്‍ ഉണ്ടാക്കുവാനാണോ അവര്‍ക്ക് പ്രയാസം? സോഷ്യല്‍ മീഡിയ ദുരുപയോഗം, സമൂഹത്തിലുണ്ടായ അവമമതിപ്പ്, ഡിപ്രഷന്‍, അതിനെല്ലാമുപരി HIPPA കൂടി കൂട്ടിക്കെട്ടി വേണമെങ്കില്‍ ഒന്നു ഫയലു ചെയ്തു നോക്കാമെന്നവര്‍ പറഞ്ഞു.
Health Insurance Portability and Accountability Act of 1996 – HIPAA (A Violation can occur when there is unauthorized disclosure of protected health information). പക്ഷെ സംഗതി അത്ര സിംപിള്‍ അല്ല. ട്രയലിനു പോയാല്‍ ജൂറിയുടെ മുന്നില്‍ തെളിവായി ജൗളി പൊക്കി കാണിക്കേണ്ടിവരും. ഒരുപക്ഷെ കോടതി ഒരു തൊണ്ടിമുതലായി ‘ബോള്‍സ്’ കസ്റ്റഡിയില്‍ സൂക്ഷിക്കുവാന്‍ ആവശ്യപ്പെട്ടേക്കാം. കൂടാതെ എതിര്‍ കക്ഷിയുടെ ഡോക്ടര്‍ക്ക് ഈ ഭാഗത്തിന്റെ ഉറപ്പ് വരുത്താനുള്ള പരിശോധന നടത്തുവാനും അവകാശമുണ്ട്.
നോക്കണേ! ഒരു കാര്യവുമില്ലാതെ ഞാന്‍ പിടിച്ച പുലിവാല്‍. ഇതിനിടെ നാലഞ്ചു പേര്‍ ഫോണില്‍ വിളിച്ച് അത്ര പന്തിയില്ലാത്ത രീതിയില്‍ സംസാരിച്ചു. അക്കൂട്ടത്തില്‍, ഡെലിഗേറ്റ് അല്ലാത്ത എനിക്ക് ഒരു കാരണവശാലും കണ്‍വന്‍ഷന്‍ ഹോട്ടലില്‍ അക്കോമഡേഷന്‍ നല്‍കരുത് എന്നു പറഞ്ഞ ഒരു മാന്യ വനിതയുമുണ്ടായിരുന്നു.
ഏതായാലും ഇനി മുതല്‍ ഇതു സംബന്ധിച്ച് വരുന്ന ഫോണ്‍ കോളുകള്‍ റിക്കാര്‍ഡ് ചെയ്യുവാനും, ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുവാനും വക്കീലന്മാര്‍ ഉപദേശിച്ചിട്ടുണ്ട്. (നിയമപരമായ മുന്നറിയിപ്പ്: എനിക്ക് വരുന്ന ഫോണ്‍ കോളുകള്‍ റിക്കാര്‍ഡ് ചെയ്യുന്നതാണ്).
ഏതായാലും ഒരു കാര്യത്തിന് തീരുമാനമായി. തോറ്റമ്പി മോങ്ങിക്കൊണ്ട് നടക്കുന്ന നിങ്ങളാരും തന്നെ ഈ സമീപ ഭാവിയിലെങ്ങും, ഫൊക്കാനയുടെ അധികാരപരിധിയുടെ ഏഴയലത്തു വരില്ല.
അവസാനമായി ഒരു ഉപദേശം:
കളിക്കുമ്പോള്‍ തരത്തില്‍ പോയി കളിക്കണം. പതിനാറ് കോടി രൂപ വിലമതിക്കുന്ന വമ്പിച്ച സ്വത്തും, ഉന്നത വിദ്യാഭ്യാസ യോഗ്യതയും, നാട്ടു പ്രമാണിയും, സംസ്‌കാര സമ്പന്നനും, അതിനെല്ലാമുപരി ബോള്‍സിന് ഉരുക്കിന്റെ ഉറപ്പുള്ളവനും മറ്റും, ആറര അടി പൊക്കമുള്ള, അരയ്ക്ക് ചുറ്റും തോക്കുമായി നടക്കുന്നവനോടോ, സെക്യൂരിറ്റി ഗാർഡിന്റെ വലയത്തില്‍ നടക്കുന്ന ആ അമേരിക്കന്‍ മലയാളി അംബാനിയോടോ പോയി കളിക്കണം.
അങ്കം ജയിച്ചു വരൂ മക്കളേ!
ഈ സാധുവിനെ ചൊറിയാതെ, വെറുതേ വിട്ടേക്കൂ!
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ പരിഹസിക്കുന്നതിനു പകരം കൈയ്യൂക്കുകൊണ്ടും, പണം കൊടുത്തും, കള്ളവോട്ടുകളിലൂടെയും വിജയിച്ചവരെ പരിഹസിക്കുകയല്ലേ വേണ്ടത്? അല്ലാതെ അവരുടെ തോളില്‍ കൈയ്യിട്ട് അവരെ പുകഴ്ത്തുകയല്ല വേണ്ടത്. “തോറ്റമ്പി മോങ്ങിക്കൊണ്ട് നടക്കുന്ന നിങ്ങളാരും തന്നെ ഈ സമീപ ഭാവിയിലെങ്ങും, ഫൊക്കാനയുടെ അധികാരപരിധിയുടെ ഏഴയലത്തു വരില്ല…” ഇപ്പറഞ്ഞത് ശരിയാണ്. (കു)തന്ത്രശാലികള്‍ ഫൊക്കാനയിലുള്ളിടത്തോളം കാലം സംഘടനയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ എപ്പോഴും പുറന്തള്ളപ്പെടും… കൈയ്യില്‍ പണമുള്ളവര്‍ക്ക് ഈസിയായി ഫൊക്കാനയുടെ തലപ്പത്തു കയറിയിരിക്കാമെന്ന് ബാബു സ്റ്റീഫന്‍ പ്രസിഡന്റായതിലൂടെ തെളിയിച്ചതാണ്… അതുകൊണ്ട്, ലേഖകന്‍ പറഞ്ഞതുപോലെ, പ്രസിഡന്റാകാമെന്ന് മോഹിച്ചു നടക്കുന്നവര്‍ ആ പൂതിയങ്ങ് മനസ്സില്‍ വെച്ചേരെ….