കോഴിക്കോട്: അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസ്സുകാരനും രോഗം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂർ സ്വദേശിയായ നാല് വയസുകാരനെ അമീബിയ ലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ ലാബിൽ നടത്തിയ പിസിആർ പരിശോധനയിലും കുട്ടിക്ക് അമീബിക് എൻസെഫലൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തിയ കുട്ടിക്ക് ചികിത്സ ആരംഭിച്ചിരുന്നു. സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം ലഭിച്ചിട്ടില്ല.
അതേസമയം അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്നെത്തിച്ചത്.
56 മരുന്നുകളുടെ പെട്ടിക്ക് 3.19 ലക്ഷം രൂപയാണ് വില. കൂടുതൽ ബാച്ചുകൾ വരും ദിവസങ്ങളിൽ എത്തും. അമീബിക് എൻസെഫലൈറ്റിസ് ഫലപ്രദമായി നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളിൽ ഈ സഹായം നിർണായകമാകും.