തിരുവല്ല: 2024 സെപ്റ്റംബർ14ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 66-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ – കാർഷിക സെമിനാറും മാനവ സേവ പുരസ്ക്കാരം സമർപ്പണവും ജൂലൈ 30ന് 2 മണിക്ക് തലവടി സി.എം.എസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം മുൻ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയും കേരള സർക്കാർ പ്രതിനിധിയുമായ പ്രൊഫ. കെവി.തോമസ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. കൃഷി ഓഫീസർ എസ് ജയൻ ക്ളാസ് നയിക്കും. അപ്പർ കുട്ടനാട് കർഷക യൂണിയൻ പ്രസിഡന്റ് സാം ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തും.
പമ്പ ബോട്ട് റേസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ മാനവ സേവ പുരസ്ക്കാരം ജലോത്സവ പ്രേമിയും മികച്ച ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ വല്ല്യടത്ത് കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാമിന് സമർപ്പിക്കുമെന്ന് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി തോമസ്, സെക്രട്ടറി പുന്നൂസ് ജോസഫ്, ചീഫ് കോഓർഡിനേറ്റർ അഞ്ചു കോച്ചേരി എന്നിവർ അറിയിച്ചു.
ചിത്രരചനാ മത്സരം, വഞ്ചിപ്പാട്ട് മത്സരം, അത്തപൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, അനുമോദന യോഗം, സ്മരണിക പ്രകാശനം, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും വിവിധ മേഖലകളിൽ സംഘടിപ്പിച്ച് വരുന്നതായി പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർമാരായ ഡോ ജോൺസൺ വി. ഇടിക്കുള, സന്തോഷ് ചാത്തങ്കരി, സജി കൂടാരത്തിൽ എന്നിവർ അറിയിച്ചു.