ചെങ്ങന്നൂർ: മലയാളികൾ ലോകത്തിൻ്റെ എല്ലാ സ്ഥലങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെട്ടത് നമ്മുടെ നാട്ടിൽ ലഭിച്ച മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമാണെന്ന് ഫിഷറീസ് സാംസ്കാരിക മന്തി സജി ചെറിയാൻ പറഞ്ഞു. വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഗോള പൂർവ്വ വിദ്യാർത്ഥി സമ്മേളനം വെൺമണി സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു ഭാഷ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ചടങ്ങിൽ പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡണ്ട് പ്രൊഫ. ആർ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ശരത് ചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. 80 വയസ്സ് പൂർത്തീകരിച്ച പൂർവ്വ അദ്ധ്യാപകരേയും, അനദ്ധ്യാപകരേയും, വിദ്യാർത്ഥികേളേയും, വിവിധ നിലകളിൽ ഉന്നത സ്ഥാനം നേടിയ പൂർവ്വ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഗോവ ഗവർണർ അഡ്വ പി. എസ് ശ്രീധരൻ പിള്ള, ധനകാര്യ വിദഗ്ധൻ ഡോ. എം. എ ഉമ്മൻ, പത്മ ഭൂഷൺ ഡോ. ടി.കെ ഉമ്മൻ എന്നിവർ യോഗത്തിൽ വീഡിയോ സന്ദേശം നൽകി. സെഹിയോൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡോ. സജു മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കെ. സദാശിവൻ പിള്ള, സ്കൂൾ പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ് മാസ്റ്റർ സജി അലക്സ്, പ്രൊഫ എം. കെ സാമുവേൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.
തുടർന്ന് വിദ്യാലയ തിരുമുറ്റത്ത് ഫോട്ടോ സെഷൻ, സ്നേഹ വിരുന്ന്, പരിചയപ്പെടുത്തൽ, വർത്തമാനം എന്നിവ നടന്നു.
ഇതോടനുബന്ധിച്ച് സ്കൂൾ കുട്ടികളുടെ വിവിധ കലാ പരിപാടികളും നടത്തി.
പുതിയ ഭാരവാഹികളായി പ്രൊഫ. ആർ. രാജഗോപാലൻ , ടി.കെ മാത്യു, ടി.കെ നാരായണ പിള്ള (രക്ഷാധികാരികൾ), കോശി സാമുവേൽ (പ്രസിഡണ്ട്), വി.ജി ഷാജി, കെ. സദാശിവൻ പിള്ള (വൈസ് പ്രസിഡണ്ടുമാർ), കെ.വി വർക്കി (സെക്രട്ടറി), സാം കെ ചാക്കോ (ജോയിൻ്റ് സെക്രട്ടറി), റോയി കെ കോശി (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.