കെയ്റോ അന്താരാഷ്ട്ര ഫത്‌വ സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കും

കെയ്‌റോ: ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന അന്താരാഷ്ട്ര ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ ഫത്‌വാ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ഈജിപ്തിലെ ജനറൽ സെക്രട്ടറിയേറ്റ് ഫോർ ഫത്‌വ അതോറിറ്റീസ് വേൾഡ് വൈഡ് ആണ് ജൂലൈ 29, 30 തിയ്യതികളില്‍ കെയ്റോയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.

ജൂലൈ 30-ന് ഉച്ചക്ക് ഈജിപ്ത് സുന്നി പണ്ഡിത സഭാ സുപ്രീം കൗൺസിൽ ചെയർമാൻ ഹിസ് എമിനൻസ് ഷെയ്ഖ് മഹ്മൂദ് ഷെയ്ഖ് ഹസ്സൻ ഫറേഹ് നേതൃത്വം നൽകുന്ന സെമിനാറിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കും. അതിവേഗം വളരുന്ന ലോകത്ത് ഫത്‌വയുടെയും ധാർമിക അടിത്തറയുടെയും പ്രസക്തി എന്ന വിഷയത്തിലാണ് സമ്മേളനം നടക്കുന്നത്. മനുഷ്യന്റെ ധാർമികതയെയും മൂല്യങ്ങളെയും ശാക്തീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലും ഫത്‌വകളുടെ പങ്ക്, മനുഷ്യർക്കിടയിലെ സമത്വവും സാഹോദര്യവും വർദ്ധിപ്പിക്കുന്നതിലും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഫത്‌വയുടെ പ്രാധാന്യം, രാജ്യങ്ങളുടെ ബഹുസ്വരത, വിവിധ മതങ്ങൾക്കിടയിലെ മതാന്തര സംഭാഷണങ്ങൾ എന്നിവക്ക് ഫത്‌വകൾ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ നടക്കും.

ഈജിപ്ത് മതകാര്യവകുപ്പ് മന്ത്രി ഡോ. ഒസാമ അൽ-അസ്ഹരി, ഈജിപ്ത് മുഫ്തിയും ആഗോള ഫത്‌വ ബോർഡുകളുടെ ജനറൽ സെക്രട്ടേറിയേറ്റ് തലവനുമായ ഡോ. ശൗഖി ഇബ്‌റാഹീം അല്ലാം, അൽ അസ്ഹർ യൂണിവേഴ്സിറ്റി അണ്ടർ സെക്രട്ടറ ഡോ. മുഹമ്മദ് അൽ-ദുവൈനി, ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈൻ, ഇൻ്റർനാഷണൽ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറൽ ഡോ.ഖുതുബ് സാനോ, ബോസ്നിയയിലെ മുഫ്തി ശൈഖ് ഹുസൈൻ കവസോവിച്ച്, തായ്‌ലണ്ട്‌ മുഫ്തി ശൈഖ് ഹാരുൺ ബൂൺ ചോം, അബുദാബിയിലെ ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് ചെയർമാൻ ഹിസ് എക്‌സലൻസി ഡോ. ഒമർ അൽ-ദാറായി, യുണൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷൻ്റെ ഡയറക്ടർ നിഹാൽ സാദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. നാല് സെഷനുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമ്പതിലധികം പണ്ഡിതരും നേതാക്കളും വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും.

Print Friendly, PDF & Email

Leave a Comment

More News