വയനാട്ടിലെ ഉരുള്‍ പൊട്ടല്‍: എല്ലാം തകർന്നത് ആയിരക്കണക്കിന് പേര്‍ക്ക്; വയനാടിന് ശാപമായി തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ പെയ്താൽ വയനാടിന് എന്നും ഭയമാണ്. മലകളും കുന്നുകളും കാടുകളും നിറഞ്ഞ ജില്ലയാണ് വയനാട്. അതിനിടയിലെല്ലാം മനുഷ്യവാസവുമുണ്ട്. പ്രകൃതിക്ഷോഭം മുന്നില്‍ കണ്ടുകൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്.

2019-ൽ ഉരുൾപൊട്ടിയെ പുത്തുമലയ്ക്കടുത്താണ് ചൂരൽമല. ആഗസ്റ്റ് 8 നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു ഗ്രാമം അൽപ്പ സമയത്തിനുള്ളിൽ ഒലിച്ചുപോയി. നൂറോളം കുടുംബങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. മൂന്നാഴ്ച നീണ്ട തിരച്ചിലിൽ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല.

കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ആനുകൂല്യങ്ങൾ നൽകി. അതിമനോഹരമായ ഭൂപ്രദേശമായിരുന്നു പുത്തുമല, ആരെയും ആകർഷിച്ചിരുന്ന ഒരിടം. വിദ്യാലയവും അങ്കണവാടിയും പള്ളിയും അമ്പലവും ലേബർ ക്ലബ്ബുമെല്ലാം ചേർന്ന നാട്ടിൻപുറം. എല്ലാം ഇന്ന്‌ ഓർമകളിലാണ്‌. ഉരുൾപൊട്ടിയൊഴുകിയ വഴിയുടെ ഓരത്ത്‌ മൂന്ന്‌ കുടുംബം മാത്രമാണ്‌ ഇപ്പോഴുള്ളത്‌.

തൊട്ടടുത്താണ് രാത്രിയില്‍ വയനാടിനെ ഞെട്ടിച്ച് വീണ്ടും ഉരുള്‍പൊട്ടിയത്. “ഓ‌ടിവരണേ, ഞങ്ങളെ രക്ഷിക്കണേ”.. മണ്ണിനടിയിലേക്ക് താഴ്ന്നു പോകുന്നവരുടെ അവസാന വിളിയായിരുന്നു അത്. കെട്ടിടങ്ങളെ വിഴുങ്ങുന്ന തരത്തിലാണ് മല ഒഴുകി വന്നത്. ഒരുമണിക്ക് മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടാമത്തേത് ചൂരല്‍മല സ്‌കൂളിന് സമീപം നാലുമണിയോടെയായിരുന്നു. മൂന്നു തവണ ഉരുള്‍പൊട്ടി. വീടുകളും സ്‌കൂളും തകര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. വീടുകളിൽ വെള്ളവും ചെളിയും കയറി, 400ലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു.

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തും

മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേ​ഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.

രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തുന്നതായിരിക്കും. വയനാട്ടിലെ എസ്കെഎംജെ സ്‌കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കില്‍ എയർ ലിഫ്റ്റിം​ഗ് വഴി രക്ഷാപ്രവർത്തനം നടത്തുന്നതായിരിക്കും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും.

തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്‌സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോ​ഗിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. തുടർന്ന് ചൂരല്‍ മലയിലും ഉരുള്‍പൊട്ടുകയായിരുന്നു. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.

Print Friendly, PDF & Email

Leave a Comment

More News