ഹൂസ്റ്റൺ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ ആഗസ്റ്റ് 1 മുതൽ 4 വരെ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF 2024) ഉദ്ഘാടനവും മുഖ്യ ആകർഷണമായ ഉദ്ഘാടന ചടങ്ങും ആഗസ്റ്റ് 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
ഹൂസ്റ്റൺ ഫോർട്ട്ബെന്റ് എപ്പിസെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ ഇടവകകളുടെ വർണ്ണശബളമായ മാർച്ചു പാസ്ററ് അരങ്ങേറും. ഫെസ്റ്റിന്റെ രക്ഷാധികാരികളായ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ മാർച്ചു പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും.
ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, മിസ്സൂറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളാവും.
മാർച്ച് പാസ്റ്റിനെ തുടർന്ന് വേദിയിൽ വി. കുർബാന ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് ഉദ്ഘാടന പരിപാടികളും വർണ്ണ ശബളമായ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും. മാർച്ച പാസ്റ്റ് വിജയികൾക്കുള്ള സമ്മാന ദാനവും തദവസരത്തിൽ വിതരണം ചെയ്യും.
ജിബി പാറക്കൽ(ഫൗണ്ടർ & CEO) നേതൃത്വം നൽകുന്ന പിഎസ്‌ജി ഗ്രൂപ്പ് ആണ് IPSF 2024 ന്റെ മുഖ്യ സ്പോൺസർ. കെംപ്ലാസ്ററ് Inc. ഗ്രാന്റ് സ്പോൺസറും, അനീഷ് സൈമൺ നേതൃത്വം നൽകുന്ന ഫോർസൈറ്റ് ഡെവലപ്പേഴ്സ് LLC പരിപാടികളുടെ പ്ലാറ്റിനം സ്പോൺസറും ആണ്.
ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്നത് ഹൂസ്റ്റൺ സെന്റ് ജോസഫ് മലബാർ സീറോ മലബാർ ഫൊറോനായാണ്. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോർജ് പാറയിൽ, ചീഫ് കോർഡിനേറ്റേഴ്‌സ് സിജോ ജോസ്, ടോം കുന്തറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ അയ്യായിരത്തിൽ പരം വിശ്വാസികൾ പങ്കെടുക്കുന്ന ഈ മെഗാ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.