വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങുമായി സൈന്യം; മരണപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു

വയനാട്: താഴെ മലവെള്ളപ്പാച്ചിലിന് ചുറ്റും എല്ലാം നശിച്ചുകിടക്കുന്ന നാട്. മുകളിൽ ആകാശത്ത് കാർമേഘങ്ങൾ ഉണ്ടെങ്കിലും ശാന്തതയാണ് ചുറ്റും. ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ കലിതുള്ളി ഒഴുകുന്ന മുത്തപ്പൻ നദി കടന്ന ഓരോ മുണ്ടക്കൈ നിവാസിയുടെയും മനസ്സ് ശൂന്യമായിരുന്നിരിക്കണം. എല്ലാം നഷ്‌ടപ്പെട്ടു, ഇനി ഒരു ജീവനും ഇല്ലെന്ന് അവർ കരുതിയിരുന്ന സ്ഥലത്ത് നിന്ന്, ദൈവത്തിൻ്റെ മാലാഖമാരെപ്പോലെയാണ് ഇന്ത്യൻ പട്ടാളക്കാർ അവരുടെ ഇടയിലേക്ക് വന്നത്.

പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാനുള്ള ശ്രമത്തിലാണ് പുലർച്ചെ മുതൽ രക്ഷാപ്രവർത്തകരും അഗ്നിശമനസേനയും. നിർത്താതെ പെയ്യുന്ന മഴയും നദിയുടെ ഗതി മാറിയതും രണ്ടുദിവസത്തെ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും കാരണം മണിക്കൂറുകളോളം രക്ഷാപ്രവർത്തകർ കുഴങ്ങി. ടെറിട്ടോറിയൽ ആർമിയുടെയും ഏഴിമല നേവൽ അക്കാദമിയുടെയും സൈനികർ ഉച്ചയോടെ അവിടെയെത്തി.

മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലമാണ് ദുരന്തത്തിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലെത്താൻ തടസ്സമെന്നു മനസ്സിലാക്കിയ സൈന്യം അവിടെയെത്താൻ ആദ്യം റോപ്പ് വേ സ്ഥാപിച്ചു. പിന്നെ ഓരോരുത്തരെയായി മറുകരയിലെത്തിച്ചു. വൈദ്യസഹായവും മരുന്നുകളുമായി നേവി സംഘവും എത്തി.

പിറകെ അവിടെ കുടുങ്ങിയവരില്‍ പരിക്കേറ്റവരെ മുന്‍ഗണനയനുസരിച്ച് പ്രാഥമിക ചികില്‍സ നല്‍കി കരയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ധൈര്യം പകര്‍ന്ന് സൈന്യം കൂടെ നിന്നപ്പോള്‍ യാതൊരു മടിയും കൂടാതെ സ്ട്രക്ച്ചറിലും റോപ് വേയിലും കയറി ഓരോരുത്തരായി മറുകരയിലെത്തി.

200 വീടുകളുണ്ടായ സ്ഥലമാണ്. ഇപ്പോള്‍ കേവലം അഞ്ചോ ആറോ വീടുകള്‍ മാത്രമാണ് കാണാനുള്ളത്. ഉറ്റവരും ഉടയവരും എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല.

ഇപ്പോഴും ദുരന്ത ഭൂമിയിൽ ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 122 ടിഎ ബറ്റാലിയനാണ് 12:30 മണിയോടെ വയനാട്ടിലെത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയത്. 200 ഓളം വരുന്ന ഇന്ത്യൻ ആർമി സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ നേവിയിൽ നിന്നുള്ള 30 നീന്തൽ വിദഗ്‌ധരും സംഘത്തിലുണ്ട്. ഏഴിമലയിൽ നിന്നുള്ള ഇന്ത്യൻ നേവിയുടെ മെഡിക്കൽ ടിം പരിക്കേറ്റവര്‍ക്ക് ചികിത്സ നൽകിയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. അത്യന്തം ദുഷ്‌കരമായ രക്ഷാപ്രവർത്തനമാണ് സേന മുന്നോട്ട് കൊണ്ടുപോകുന്നത്. എയർഫോഴ്‌സ് സ്റ്റേഷനായ സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും.

ഇന്ത്യൻ നേവിയിൽ നിന്നുള്ള 30 നീന്തൽ വിദഗ്‌ധരും സംഘത്തിലുണ്ട്. ഏഴിമലയിൽ നിന്നുള്ള ഇന്ത്യൻ നേവിയുടെ മെഡിക്കൽ ടിം പരിക്കേറ്റവര്‍ക്ക് ചികിത്സ നൽകിയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. അത്യന്തം ദുഷ്‌കരമായ രക്ഷാപ്രവർത്തനമാണ് സേന മുന്നോട്ട് കൊണ്ടുപോകുന്നത്. എയർഫോഴ്‌സ് സ്റ്റേഷനായ സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും.

മരണസംഖ്യ 100 കടന്നു

വയനാട്: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 110 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 42 പേരെ തിരിച്ചറിഞ്ഞു. ചാലിയാറില്‍ ഒഴികെയിത്തിയ 32 മൃതദേഹങ്ങള്‍ നിലമ്പൂരിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തില്‍ ഇരയായ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയി. ചൂരല്‍മല ടൗണിലും വ്യാപക നാശനഷ്‌ടങ്ങളുണ്ട്. ഉരുൾപൊട്ടലിൽ നിരവധി മേഖലകള്‍ ഒറ്റപ്പെട്ടതായി വിവരം. മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലയിലെ ജനങ്ങളാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടത്. മേഖലയിലേക്കുള്ള പാലവും റോഡുകളും ഒലിച്ചുപോയതോടെ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Print Friendly, PDF & Email

Leave a Comment

More News